ഇസ്ലാമാബാദ്: പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് 'ജമാഅത്ത് ഉല്‍ മുഅമിനാത്ത്' എന്ന പേരില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിഭാഗം ആരംഭിച്ച തായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോളിതാ സംഘടനയുടെ മറവില്‍ സ്ത്രീകളെ ഓണ്‍ലൈനില്‍ ഭീകരവാദം പഠിപ്പിക്കാനുള്ള കോഴ്‌സും ആരംഭിക്കുന്നു.
'തുഫത് അല്‍ മുമിനാത് ' എന്ന പേരിലാണ് ജെയ്‌ഷെ മുഹമ്മദ് ഓണ്‍ലൈന്‍ പ്രോഗ്രാം ആരംഭിച്ചത്. 500 രൂപയാണ് ഓണ്‍ലൈന്‍ കോഴ്‌സ് ഫീസ്. നവംബര്‍ 8ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കോഴ്‌സില്‍ ദിവസവും 40 മിനിറ്റ് വീതമുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകള്‍ നയിക്കുക.
ഓണ്‍ലൈന്‍ തീവ്രവാദ പഠന കോഴ്‌സിലൂടെ സ്ത്രീകളെ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകര്‍ഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് സംഘനയുടെ ലക്ഷ്യം. ജിഹാദ് പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ കടമകളെക്കുറിച്ചാണ് ക്ലാസ് പറയുന്നത്. ഓണ്‍ലൈന്‍ വഴിയും കുടുംബത്തില്‍ നിന്നും വിദേശത്ത് നിന്നും സ്ത്രീകളെ അംഗംങ്ങളാക്കുകയാണ് ലക്ഷ്യം. ആളുകളെ ചേര്‍ക്കുന്ന രീതി സംഘടനയെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ജെയ്‌ഷെയുടെ വിലയിരുത്തല്‍.
500 രൂപ ഫീസായി ഈടാക്കുന്നത് സംഘടനയ്ക്ക് പണം കണ്ടെത്താനുള്ള ഒരു മറയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ആയുധങ്ങളുടെ കൈമാറ്റം, രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളിലാകും സ്ത്രീകളെ ജെയ്‌ഷെ കൂടുതലായി ഉപയോഗിക്കുക. ആവശ്യമെങ്കില്‍ ചാവേറായുള്ള അപകടകരമായ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കും.
ദിവസവും ഏകദേശം 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഭീകരരുടെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, കശ്മീര്‍ എന്നിവിടങ്ങളിലെയും വിദേശത്തുമുള്ള ആളുകളെ എളുപ്പത്തില്‍ ബന്ധപ്പെടാനും അവരിലേക്ക് എത്താനും ജെയ്‌ഷെയ്ക്ക് സാധിക്കും.
ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട പരിപാടികള്‍ പരസ്യമായി നടക്കുന്നത് പാകിസ്താനിലെ നിയമ നിര്‍വഹണ സംവിധാനങ്ങളുടെ പരാജയമാണെന്ന് വിമര്‍ശകര്‍ പരിഹസിച്ചു. ഇത്തരം നീക്കം പാകിസ്താന്റെ തീവ്രവാദ വിരുദ്ധ പ്രതിജ്ഞകള്‍ക്കും വിരുദ്ധമാണ്. ഇത്തരം പദ്ധതികള്‍ പ്രവര്‍ത്തിക്കാനും വളരാനും സഹായിക്കുന്ന സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സാമ്പത്തിക നിയന്ത്രണ ഏജന്‍സികള്‍, പ്രാദേശിക പങ്കാളികള്‍ എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് ഇത്തരം തീവ്രവാദ ശൃംഖലകള്‍ വളരുന്നതിന് മുമ്പ് തടയണമെന്ന് സുരക്ഷാ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. പണമിടപാടുകള്‍ സുതാര്യമായി അന്വേഷിക്കണമെന്നും, ചാരിറ്റബിള്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വനിതകള്‍ക്ക് ഓണ്‍ലൈനില്‍ ഭീകരവാദ ക്ലാസ് ; 40 മിനിറ്റ് വീതമുള്ള ക്ലാസിന് 500 രൂപ ഫീസ്; ജയ്‌ഷെ മുഹമ്മദിന്റെ പുതിയ പദ്ധതി
