വാഷിംഗ്ടണ്‍: ബൈഡന്‍ ഭരണകൂടത്തിന്റെ ഭരണകാലത്തും തന്റെ ആദ്യ ഭരണകാലത്തും നേരിട്ട അന്വേഷണങ്ങള്‍ക്ക് ഒത്തുതീര്‍പ്പായി നീതിന്യായ വകുപ്പില്‍ നിന്ന് 230 മില്യണ്‍ ഡോളര്‍ ആവശ്യപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരംഭിച്ച നടപടികള്‍ ചര്‍ച്ചയാകുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് ട്രംപിന്റെ പദ്ധതിയെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
2016 ലെ തന്റെ പ്രചാരണ സംഘത്തിന് റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണങ്ങളും 2022 ഓഗസ്റ്റില്‍ രഹസ്യ രേഖകള്‍ക്കായി എഫ്ബിഐ തന്റെ മാര്‍എലാഗോ എസ്‌റ്റേറ്റ് പരിശോധിച്ചതും സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ട്രംപ് നഷ്ടപരിഹാരം തേടുന്നത്.
2023ലും 2024ലും പദവിയില്‍ ഇല്ലാതിരുന്ന കാലത്ത് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച രണ്ട് ഭരണപരമായ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയ്ക്ക് അംഗീകാരം നല്‍കുന്നതിനായി, മുന്‍പ് ട്രംപിനെയോ അദ്ദേഹത്തിന്റെ അനുയായികളെയോ പ്രതിനിധീകരിച്ചിരുന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വാര്‍ത്തയെക്കുറിച്ച് ചൊവ്വാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍, തീരുമാനം 'എന്റെ മേശയ്ക്ക് കുറുകെ പോകും' എന്നായിരുന്നു ട്രംപിന്റെ മറുപടി.
'ഇത് രസകരമാണ്, കാരണം തീരുമാനമെടുക്കുന്നത് ഞാനാണ്, ആ തീരുമാനം എന്റെ മേശയ്ക്ക് കുറുകെ പോകേണ്ടിവരുമെന്ന് നിങ്ങള്‍ക്കറിയാമോ, ഞാന്‍ എനിക്കുതന്നെ പണം നല്‍കുന്ന തീരുമാനമെടുക്കേണ്ട വളരെ വിചിത്രമായ സാഹചര്യമാണ്.' -അദ്ദേഹം പറഞ്ഞു.
'മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് എത്ര തുക നഷ്ടപരിഹാരം വേണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുന്ന ഏതെങ്കിലും കേസ് നിങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടോ? എന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകോട് ചോദിച്ചു.
കഴിഞ്ഞ ആഴ്ച ഓവല്‍ ഓഫീസില്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് എന്നിവരുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ്, നിലവിലെ പ്രസിഡന്റിന് നീതിന്യായ വകുപ്പ് ഒത്തുതീര്‍പ്പ് നല്‍കുന്ന അസാധാരണ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
'എനിക്ക് സജീവമായതും അനുകൂലവിധികിട്ടാന്‍ കഴിയുന്നതുമായ ഒരു കേസുണ്ട്. പക്ഷെ ഞാന്‍ പ്രസിഡന്റ് എന്ന നിലയില്‍നോക്കുമ്പോള്‍, 'ഞാന്‍ സ്വയം എനിക്കെതിരെ തന്നെയാണ് കേസ് കൊടുത്തത്' എന്ന് തോന്നുന്നു. അതെങ്ങനെ തീര്‍പ്പാക്കുമെന്ന് അറിയില്ല. നഷ്ടപരിഹാരം അനുവദിച്ചാലും എനിക്കത് എവിടെ നിന്നാണ് ലഭിക്കുക?'
ജസ്റ്റിസ് മാനുവല്‍ പ്രകാരം, ഇത്തരത്തിലുള്ള ഒരു തീര്‍പ്പ് നല്‍കാന്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ അല്ലെങ്കില്‍ അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ എന്നിവരുടെ അംഗീകാരം ആവശ്യമാണ്. ട്രംപിന്റെ നിയമസംഘത്തിലെ ടോഡ് ബ്ലാഞ്ച്, രഹസ്യരേഖകളുമായി ബന്ധപ്പെട്ട കേസിലും ജനുവരി 6 കലാപവുമായി ബന്ധപ്പെട്ട കേസിലും ട്രംപിനെ പ്രതിനിധീകരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ സ്റ്റാന്‍ വുഡ്‌വാര്‍ഡ്, രഹസ്യരേഖാ കേസിലെ ട്രംപിന്റെ സഹപ്രതി വാള്‍ട്ട് നൗട്ടയെ പ്രതിനിധീകരിച്ചിരുന്നതായും സൂചനകളുണ്ട്.
രണ്ടുകേസുകളിലും ടംപ് കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍, 2024 ലെ രണ്ടാംതിരഞ്ഞെടുപ്പില്‍ ജയിച്ചതിനെത്തുടര്‍ന്ന്, നിലവിലുള്ള നിയമപ്രകാരം നിലവിലുള്ള പ്രസിഡന്റിനെതിരെ കേസുകള്‍ തുടരാനാകില്ലെന്ന നീതി വകുപ്പിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ പിന്‍വലിക്കപ്പെട്ടു.
പണം എവിടെ നിന്നാണ് വരേണ്ടത്?
'ഞാന്‍ നീതി വകുപ്പുമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. എനിക്ക് അറിയാവുന്നത്, അവര്‍ എനിക്ക് വലിയ തുക നല്‍കേണ്ടിവരും എന്നാണ്. പക്ഷേ ഞാന്‍ പണം നോക്കുന്നയാളല്ല. എനിക്ക് കിട്ടിയാല്‍, അത് ദാനമായി നല്‍കും. എനിക്ക് വലിയ നഷ്ടമുണ്ടായി, അതുകൊണ്ട് കിട്ടുന്ന പണം ദാനസ്ഥാപനങ്ങള്‍ക്ക് നല്‍കും.'- ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് പറഞ്ഞു.
ബ്ലാഞ്ച് അല്ലെങ്കില്‍ വുഡ്‌വാര്‍ഡ് ഈ തീര്‍പ്പില്‍ ഒപ്പുവെക്കുന്നത് നൈതിക പ്രശ്‌നമാകുമോ എന്ന് ചോദിച്ചപ്പോള്‍, 'ഏതു സാഹചര്യത്തിലും, വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും കരിയര്‍ എത്തിക്‌സ് ഓഫീസര്‍മാരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നീതി വകുപ്പിന്റെ വക്താവ് പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
'പ്രസിഡന്റാണ് തനിക്കു നഷ്ടപരിഹാരം ലഭിക്കണമോയെന്ന് തീരുമാനിക്കേണ്ട വ്യക്തികളെ മേല്‍നോട്ടം വഹിക്കുന്നത് എന്നതിലൂടെ വലിയ നൈതിക ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇവര്‍ അദ്ദേഹത്തോടാണ് തങ്ങളുടെ പദവി കടപ്പെട്ടിരിക്കുന്നതെന്നും ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റി നിയമവിഭാഗം പ്രൊഫസര്‍ ജെയിംസ് സാംപിള്‍ അഭിപ്രായപ്പെട്ടു.
അഭൂതപൂര്‍വ്വമായ (unprecedented) എന്ന വാക്കിനായി ഇനി പുതിയ പദങ്ങള്‍ തേടേണ്ട അവസ്ഥയിലാണെന്നും സാംപിള്‍ പറഞ്ഞു.
നീതിന്യായ വകുപ്പില്‍ നിന്ന് 230 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടി ട്രംപ്; തുക അനുവദിക്കേണ്ടതും ട്രംപ്; അമേരിക്കന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവം
