ഡാളസ്: അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഏറ്റവും വലിയ സംഗമമായ 2026 സീറോ മലബാര്‍ യുഎസ്എ കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് കിക്കോഫ് ഞായറാഴ്ച ഡാളസില്‍ നടക്കും. ഡാളസിലെ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നടക്കുന്ന ചടങ്ങ് ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയ്യും.
ഭാരതത്തിന് പുറത്ത് സ്ഥാപിതമായ ആദ്യത്തെ സീറോ മലബാര്‍ ഇടവക എന്ന നിലയില്‍ ഡാളസ് ഇടവകയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതിന്റെ ആദ്യ വികാരി കൂടിയായ മാര്‍ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപകന്‍. അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ രൂപതയാണ് 2026ലെ ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നത്.
2026 ജൂലൈ ഒന്‍പത് മുതല്‍ 12 വരെ ഷിക്കാഗോയിലെ മക്കോര്‍മിക് പ്ലേസില്‍ നടക്കുന്ന നാലുദിവസത്തെ കണ്‍വെന്‍ഷന്‍ ആത്മീയ വളര്‍ച്ചക്കും സമൂഹ ഐക്യത്തിനുമുള്ള വേദിയായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രതിദിന പ്രാര്‍ത്ഥനകള്‍, ശുശ്രൂഷകള്‍, സാംസ്‌കാരിക പരിപാടികള്‍, യുവജന പങ്കാളിത്തം എന്നിവ കണ്‍വെന്‍ഷനെ സമ്പന്നമാക്കും.
2001 മാര്‍ച്ച് 13 ന് രൂപീകരിച്ച ഷിക്കാഗോ രൂപതയുടെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ, ഈ കണ്‍വെന്‍ഷന്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രൂപത ഇന്ന് 52 ഇടവകകളും 35 മിഷനുകളും വഴി 87,000ത്തിലധികം വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തുന്നു.
ജൂബിലി, വിശ്വാസത്തിന്റെ സമൃദ്ധിയെയും ദൈവാനുഗ്രഹങ്ങളെയും ഓര്‍മ്മിക്കുന്നതിനൊപ്പം അമേരിക്കന്‍ മണ്ണിലെ സീറോ മലബാര്‍ സഭയുടെ പ്രതിബദ്ധതയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന നിമിഷമാണെന്ന് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും പ്രത്യേകിച്ച് യുവജനങ്ങളെയും പങ്കാളികളായി കാണാമെന്നും ബിഷപ്പ് പറഞ്ഞു.
ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന, ആത്മീയ വിചിന്തനങ്ങള്‍, കുമ്പസാരം, രോഗശാന്തി ശുശ്രൂഷകള്‍ എന്നിവ ആത്മീയ വളര്‍ച്ചക്ക് വഴിയൊരുക്കും. സാംസ്‌കാരിക രാവുകളില്‍ സീറോ മലബാര്‍ സഭയില്‍പ്പെട്ട സിനിമാ താരങ്ങള്‍ക്കും ഇടവകയിലെ കലാകാരന്മാര്‍ക്കും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകും.
ഡാളസില്‍ 2026 സീറോ മലബാര്‍ യുഎസ്എ കണ്‍വെന്‍ഷന്‍ ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയ്യും
