യുക്രെയ്‌ന് എതിരായ യുദ്ധത്തിൽ റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസായി പ്രവർത്തിക്കുന്ന രണ്ട് വൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രെയ്‌നിൽ സമാധാനം ഉണ്ടാക്കാനുള്ള തന്റെ ദീർഘാകാല പരിശ്രമങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന റഷ്യ എണ്ണ വില്പ്പനയിലൂടെ ലഭിക്കുന്ന പണം യുദ്ധക്കളത്തിൽ നിരപരാധികളെ കൊന്നൊടുക്കുന്നതിന് ചെലവിട്ടുകൊണ്ടിരിക്കുകയാണ് എന്നാരോപിച്ചാണ് റഷ്യയ്ക്ക് പണം ലഭിക്കാൻ സഹായിക്കുന്ന എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
റഷ്യയിലെ രണ്ട് വൻകിട എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റ് (Rosneft), ലൂകൊയിൽ (Lukoil) എന്നിവയെ ലക്ഷ്യമാക്കി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെയാണ് ഉപരോധ നടപടി പ്രഖ്യാപിച്ചത്.
റഷ്യയുടെ യുദ്ധ യന്ത്രത്തെ പിന്തുണക്കുന്ന രണ്ട് വലിയ എണ്ണ കമ്പനികളെയാണ് ട്രഷറി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ട്രൂത്ത് സോഷ്യലിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായിവന്നാൽ കൂടുതൽ നടപടികൾ എടുക്കാൻ തയ്യാറാണെന്നും, സഖ്യരാജ്യങ്ങൾ ഉപരോധത്തോട് ചേർന്ന് പിന്തുണ നൽകണമെന്നും ട്രംപ് അഭ്യർത്ഥിച്ചിട്ടുണ്ട്. തന്റെ രണ്ടാമൂഴത്തിൽ, യുക്രെയ്ൻ യുദ്ധത്തെ അടിസ്ഥാനമാക്കി റഷ്യയ്‌ക്കെതിരെയാണ് ട്രംപ് ആദ്യം ഉപരോധം പ്രഖ്യാപിച്ചത്.
യൂറോപ്പിന്റെ ഉപരോധങ്ങളും അന്താരാഷ്ട്ര പശ്ചാത്തലവും
യുക്രെയ്‌നിൽ യുദ്ധം നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ബുധനാഴ്ച 19ാമത് ഉപരോധ പാക്കേജ് അംഗീകരിച്ചു. ഇതിൽ റഷ്യയുടെ പ്രകൃതിവാതക ഇറക്കുമതി നിരോധനവും ഉൾപ്പെടുന്നു. ഇതോടെ അന്താരാഷ്ട്ര അടിയന്തര നടപടികളിൽ റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളും ഉയർന്നിരിക്കുകയാണ്.
ഉപരോധം ലക്ഷ്യമാക്കിയ കമ്പനികളും അവയുടെ പ്രവർത്തനങ്ങളും
റോസ്‌നെഫ്റ്റ്: പെട്രോളിയം, പ്രകൃതിവാതകം, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ പര്യവേഷണം, ഉത്പാദനം, ശുദ്ധീകരണം, ട്രാൻസ്‌പോർട്ട്, വിൽപ്പന എന്നിവയിൽ പ്രവർത്തിക്കുന്ന വെർട്ടിക്കലി ഇന്റഗ്രേറ്റഡ് എനർജി കമ്പനിയാണ്.
ലൂകൊയിൽ: റഷ്യയിലും അന്താരാഷ്ട്രതലത്തിലും എണ്ണ-പ്രകൃതി വാതക പര്യവേഷണം, ഉത്പാദനം,ശുദ്ധീകരണം, മാർക്കറ്റിങ്, വിതരണം എന്നിവയിൽ സജീവമാണ്. യു.കെ. കഴിഞ്ഞ ആഴ്ച തന്നെ ഈ രണ്ട് കമ്പനികൾക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയിൽ നിന്ന് അധിക എണ്ണ വാങ്ങില്ലെന്ന് ഉറപ്പു നൽകിയതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സംസാരിക്കുമ്പോളാണ് ട്രംപ് വീണ്ടും ഇക്കാര്യം പറഞ്ഞത്.
'ഇന്ത്യ റഷ്യയിൽ നിന്ന് അധിക എണ്ണ വാങ്ങാൻ പോകുന്നില്ല. എന്നെ പോലെ അവരും യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നു.' ദീപാവലി സന്ദേശം നൽകുന്നതിനിടെ പ്രധാനമന്ത്രി മോഡി ഇക്കാര്യത്തിൽ ഉറപ്പുനൽകിയെന്നും ട്രംപ് ആവർത്തിച്ചു.
ട്രംപിന്റെ ആവർത്തിച്ചുള്ള ഒടുവിലത്തെ അവകാശവാദത്തോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം 'അത്തരം സംഭാഷണത്തെക്കുറിച്ച് അറിവ് ഇല്ല' എന്നാണ് കഴിഞ്ഞ ആഴ്ച വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. നിലവിൽ, 50 ശതമാനം യുഎസ് താരിഫ് ആണ് ഇന്ത്യ നേരിടുന്നത്. ഇതിൽ പകുതി റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് അമേരിക്ക നൽകിയ ശിക്ഷയാണ്.
ട്രംപ്-പുടിൻ യോഗവും ഭാവി നടപടികളും
ബുഡാപെസ്റ്റിൽ അടുത്ത ആഴ്ചയിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്-പുടിൻ യോഗം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
'പുതിയ സമയം അനുയോജ്യമായില്ല, അതിനാൽ യോഗം റദ്ദാക്കി.' എന്നാണ് ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
എന്നാൽ ഉപരോധം പ്രഖ്യാപിച്ചിട്ടും റഷ്യയുമായി സംഭാഷണം തുടരാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു,
റോഷ്‌നെഫ്റ്റ്, ലൂകൊയിൽ എന്നിവയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം വിപണിയിൽ പ്രതിഫലിക്കുകയും, റഷ്യയുടെ യുദ്ധ യന്ത്രത്തെ നേരിട്ടു ബാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. യൂറോപ്പ്, അമേരിക്ക, ബ്രിട്ടൻ എന്നിവർ ചേർന്ന് റഷ്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനായി ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നു. യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുന്നതിനിടയിലെ, പുതിയ ഉപരോധങ്ങളും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളാണ്.
റഷ്യൻ എണ്ണ കമ്പനികളോട് കടുപ്പിച്ച് അമേരിക്ക; ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിലും വിമർശനം
