ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാകിസ്ഥാന്‍ നേരിടുന്നത് പുതിയ പ്രതിസന്ധി. തഹ്രീഖ്-ഇ-താലിബാന്‍ പാകിസ്ഥാന്‍ വീഡിയോ സന്ദേശത്തില്‍ സൈന്യാധിപനും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറിനെ നേരിട്ട് യുദ്ധഭൂമിയിലേക്ക് വരാന്‍ വെല്ലുവിളിച്ചു. 'അമ്മയുടെ പാലു കുടിച്ചിട്ടുണ്ടെങ്കില്‍ സൈന്യത്തെ അയക്കാതെ നേരിട്ടു വരിക' എന്നായിരുന്നു വെല്ലുവിളി.
സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച ചില വീഡിയോ ക്ലിപ്പുകളില്‍ ആയുധധാരികളോടൊപ്പമാണ് ടി ടി പി അംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ ഖുറം മേഖലയില്‍ ഒക്ടോബര്‍ എട്ടിലെ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ആ ആക്രമണത്തില്‍ 22 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അവര്‍ അവകാശപ്പെട്ടു.
ഒരു വീഡിയോയില്‍ മുതിര്‍ന്ന ടി ടി പി നേതാവ് അസിം മുനീറിനെ നേരിട്ട് യുദ്ധനിരയില്‍ എത്തി നേതൃത്വം നല്‍കാന്‍ വെല്ലുവിളിച്ചു. ഇയാള്‍ കാസിം ആണെന്നും പത്തുകോടി രൂപ തലക്ക് വിലയിട്ടയാളാണെന്നും അധികാരികള്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍ 48 മണിക്കൂറിന്റെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്‍പായി അഫ്ഗാനിസ്ഥാനില്‍ കുറഞ്ഞത് 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതിര്‍ത്തി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കുറഞ്ഞത് ആറു പാകിസ്ഥാന്‍ പാരാമിലിട്ടറി സൈനികര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ സേന പാകിസ്ഥാന്‍ അതിര്‍ത്തി മേഖല ആക്രമിച്ചതോടെ സംഘര്‍ഷം ഒക്ടോബര്‍ 11ന് രാത്രി പത്തരയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ വെടിവയ്പ്പ് വ്യാപിക്കുകയും അങ്കൂര്‍ അദ്ദ, ബജൗര്‍, കുറം, ദിര്‍, ബഹ്‌റം ച, ചിത്രാല്‍ എന്നിവിടങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടക്കുകയും ചെയ്തു. ഇതില്‍ ബഹ്‌റം ച ഒഴികെയുള്ള എല്ലാപ്രദേശങ്ങളും ഖൈബര്‍ പഖ്തൂന്‍ഖ്വായിലാണ്. ബഹ്‌റം ച ബലൂചിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.