ബെയ്‌റൂത്ത്: ഹിസ്ബുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഇസ്രായേലിന്റെ ആക്രമണം. നൂറോളം യുദ്ധവിമാനങ്ങളുമായി ഇസ്രായേല്‍ സൈന്യം ലെബനനിലെ ഡസന്‍ കണക്കിന് താവളങ്ങള്‍ തകര്‍ത്തു. ഇതിന് മറുപടിയായി ലെബനനില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് ഹിസ്ബുള്ള 320-ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടു.
മിസൈലുകളുടെയും സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഡ്രോണുകളുടെയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുള്ള തങ്ങളുടെ സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് മറുപടിയാണിതെന്ന് പറഞ്ഞു.
വടക്കന്‍ ഇസ്രായേലിന് മുകളിലൂടെയെത്തിയ ഒരു ഹിസ്ബുള്ള യുഎവി ഇസ്രായേലി വ്യോമസേന തടഞ്ഞു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്ത 48 മണിക്കൂറിലേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കന്‍ മേഖലയിലെ രൂക്ഷമായ സാഹചര്യം പരിഹരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല യോഗത്തിന് നേതൃത്വം നല്‍കി.
വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തിനിടെ തീരദേശ നഗരമായ ഏക്കറില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. യുവതിയെ ചികിത്സയ്ക്കായി ഹൈഫയിലെ ബിനൈ സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
