എണ്ണ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം യുദ്ധപ്രഖ്യാപനം; യുക്രെയ്ന്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് റഷ്യ

എണ്ണ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം യുദ്ധപ്രഖ്യാപനം; യുക്രെയ്ന്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് റഷ്യ


മോസ്‌കോ: റഷ്യന്‍ എണ്ണ കമ്പനികള്‍ക്കുമേല്‍ യുഎസ് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങള്‍ 'യുദ്ധപ്രഖ്യാപനത്തിന് തുല്യം' ആണെന്ന് റഷ്യന്‍ സുരക്ഷാ സമിതിയുടെ ഉപാധ്യക്ഷന്‍ ദിമിത്രി മേദ്വദേവ് പ്രസ്താവിച്ചു.

ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധങ്ങള്‍ക്കെതിരെ  മേദ്വദേവ്, കടുത്ത പ്രതികരണം നടത്തി. അമേരിക്കയെ 'റഷ്യയുടെ ശത്രു' എന്ന് വിശേഷിപ്പിച്ച മേദ്വദേവ്, 'സമാധാന പ്രവര്‍ത്തകന്‍' എന്ന് സ്വയം പുകഴ്ത്തുന്ന ട്രംപ് ഇപ്പോള്‍ യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണെന്നും വിമര്‍ശിച്ചു.

'യുഎസ് ഇപ്പോള്‍ ഞങ്ങളുടെ എതിരാളിയാണ്. അവരുടെ 'സമാധാനവാദി' പ്രസിഡന്റാണ് റഷ്യയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചത്,' മേദ്വദേവ് തന്റെ ടെലിഗ്രാം പോസ്റ്റില്‍ കുറിച്ചു. 'അമേരിക്കയുടെ ഈ തീരുമാനങ്ങള്‍ റഷ്യയ്‌ക്കെതിരായ യുദ്ധനടപടികളാണ്. ട്രംപ് ഇപ്പോള്‍ പൂര്‍ണമായും 'ഭ്രാന്തന്‍ യൂറോപ്പ് എന്ന ആശയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 യുഎസ് പ്രഖ്യാപിച്ച ഉപരോധങ്ങള്‍ 'അത്യന്തം പ്രതികൂലവും ലക്ഷ്യസാധനത്തിനായി സഹായകമല്ലാത്തതുമാണ്' എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മറിയ സഖാരോവയും ആരോപിച്ചു. 'റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. യുക്രെയ്‌നിലെ റഷ്യയുടെ ലക്ഷ്യങ്ങള്‍  മാറ്റമില്ലാതെ തുടരുമെന്ന് സഖാരോവ മോസ്‌കോയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പാശ്ചാത്യ നിയന്ത്രണങ്ങളോട് റഷ്യ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. നമ്മുടെ സാമ്പത്തികവും ഊര്‍ജ്ജ ശേഷിയും ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ ബുധനാഴ്ച മോസ്‌കോയ്‌ക്കെതിരെ 19ആം ഘട്ട ഉപരോധ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് പ്രഖ്യാപനവും വന്നത്. റഷ്യന്‍ പ്രകൃതിവാതക ഇറക്കുമതി നിരോധനം ഉള്‍പ്പെടുന്ന ഈ നടപടികള്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പാശ്ചാത്യ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ്.

യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനപ്രകാരം, റഷ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റ് (Rosneft), ലൂകൊയില്‍ (Lukoil) എന്നിവയ്‌ക്കെതിരെയാണ് പുതിയ ഉപരോധം.