ഹമാസ് നിരായുധീകരണ ഉത്തരവാദിത്വം പുതിയ അന്താരാഷ്ട്ര സുരക്ഷാ സേനയ്‌ക്കെന്ന് ജെ ഡി വാന്‍സ്

ഹമാസ് നിരായുധീകരണ ഉത്തരവാദിത്വം പുതിയ അന്താരാഷ്ട്ര സുരക്ഷാ സേനയ്‌ക്കെന്ന് ജെ ഡി വാന്‍സ്


ടെല്‍അവീവ്: ഹമാസിനെ നിരായുധീകരിക്കുന്നതില്‍ പുതിയ അന്താരാഷ്ട്ര സുരക്ഷാ സേന നേതൃത്വം വഹിക്കുമെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. രണ്ടു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു ശേഷം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹമാസിനെ നിരായുധീകരിക്കുന്നതിന് കുറച്ചു സമയമെടുക്കുമെന്നും അത് അന്താരാഷ്ട്ര സേനയുടെ ഘടനയെ ആശ്രയിച്ചിരിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ ഏതു ശക്തികളാണ് സഹകരിക്കുന്നത്, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നമുക്ക് എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു ഇതിന്റെ വിജയമെന്നും  വാന്‍സ് പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കുന്നതിനെ കുറിച്ചുള്ള നെസെറ്റിന്റെ പ്രാഥമിക വോട്ട് തന്നെ വ്രണപ്പെടുത്തിയെന്നും അത് വലിയൊരു മണ്ടത്തരമായിരുന്നു എന്നും പറഞ്ഞു. വിചിത്രമായ ആ വോട്ട് തനിക്ക് ആശയക്കുഴപ്പമുണ്ടാക്കി എന്നും പൂര്‍ണമായും പ്രതീകാത്മകമാണ് എന്നും വാന്‍സ് വ്യക്തമാക്കി. വലിയ മണ്ടത്തരമായ ഒരു രാഷ്ട്രീയ സ്റ്റണ്ട് എന്നാണ് വാന്‍സ് ഒക്‌ടോബര്‍ 22ലെ വെസ്റ്റ്ബാങ്ക് പരമാധികാരത്തിനായുള്ള പ്രാഥമിക വോട്ടിനെ വിശേഷിപ്പിച്ചത്.

വെസ്റ്റ് ബാങ്ക് ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നില്ലെന്നും അതാണ് യു എസിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗാസയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും രണ്ടു വര്‍ഷം യുദ്ധം ചെയ്ത രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ വന്നതിനു ശേഷമുള്ള ചില അപവാദങ്ങള്‍ മാത്രമേ ഇപ്പോഴുള്ളുവെന്നും  ഗാസയില്‍ ദീര്‍ഘകാല സമാധാനം പുലരാന്‍ എന്തു ചെയ്യണമെന്നാണ് തങ്ങള്‍ ചിന്തിക്കുന്നതെന്നും വാന്‍സ് മാധ്യമങ്ങളോട് വിശദമാക്കി.