സ്പ്രിംഗ്ഫീല്‍ഡ് (ഇലിനോയി): ഇലിനോയിയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുടെ നാലു കുടുംബാംഗങ്ങള്‍ മോണ്ടാനയില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസംഘം അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം കിഴക്കന്‍ മോണ്ടാനയിലെ എകലാക്കാ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. മുന്‍ സംസ്ഥാന സെനറ്ററായ ഡാരന്‍ ബെയ്‌ലിയുടെ മകന്‍ സാചറി ബെയ്‌ലി, മരുമകള്‍ കെല്‍സി ബെയ്‌ലി, അവരുടെ മക്കളായ 12 വയസ്സുകാരി വാഡ റോസ്, 7 വയസ്സുകാരന്‍ സാമുവല്‍ എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൂന്നാമത്തെ മകന്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നില്ല.
അപകടത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കാര്‍ട്ടര്‍ കൗണ്ടിയിലെ ഷെറിഫ് ഓഫീസ് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഹെലികോപ്ടര്‍ ബുധനാഴ്ച വൈകുന്നേരം എകലാക്കാ പട്ടണത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് തകര്‍ന്നുവീണത്.
ഇലിനോയിയിലെ സീനിയാ പട്ടണത്തില്‍ നിന്നുള്ള ബെയ്‌ലി ഈ വര്‍ഷം 2026ലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥിത്വത്തിനായി പ്രചാരണത്തിനെത്തിയിരുന്നു. 2022-ല്‍ ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കറിനോട് പരാജയപ്പെട്ട ബെയ്‌ലി, അതിന് മുമ്പ് ഇലിനോയി നിയമസഭയിലും സെനറ്റിലും രണ്ടു വര്‍ഷത്തെ കാലയളവില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അദ്ദേഹം യുഎസ് പ്രതിനിധി സഭയിലെ അഞ്ചാം തവണയും സ്ഥാനാര്‍ഥിയായിരുന്ന റിപ്പബ്ലിക്കന്‍ അംഗം മൈക്ക് ബോസ്റ്റിനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ദുരന്തത്തിലും നഷ്ടത്തിലും പാര്‍ട്ടിയും ദുഃഖത്തിലാണെന്ന് ഇലിനോയി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷ കത്തി സാല്‍വി പ്രസ്താവനയില്‍ പറഞ്ഞു.