കുര്‍ണൂല്‍: കുര്‍ണൂലില്‍ ഹൈദരാബാദ് - ബെംഗളൂരു ദേശീയപാതയില്‍ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ മരിച്ചു. ബസില്‍ നിന്ന് രക്ഷപ്പെട്ട 12 പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലര്‍ക്കും പൊള്ളലേറ്റു. ചിലരുടെ നില അതീവഗുരുതരമാണ്. മരണസംഖ്യ വീണ്ടും ഉയരാമെന്ന് പോലീസ് അറിയിച്ചു.
കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെഗുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൈദരാബാദില്‍ നിന്ന് അര്‍ധരാത്രിയോടെ യാത്ര ആരംഭിച്ച സ്വകാര്യ വോള്‍വോ ബസ് ദേശീയപാത 44 (എന്‍എച്ച്44) ല്‍ കര്‍ണൂലിനടുത്ത് പുലര്‍ച്ചെ 3:30ഓടെ ഒരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയും തീ പിടിക്കുകയുമായിരുന്നു. ഇരുചക്രവാഹനം ബസിനടിയില്‍ കുടുങ്ങിപ്പോകുകയും തീപ്പൊരി പടര്‍ന്ന് ബസിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ മുന്ന് മണിയോടെ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവല്‍സിന്റെ ഒരു വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് കുര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പറഞ്ഞു.
ബസില്‍ 40ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തീപിടിച്ചതോടെ 12 പേര്‍ ബസിന്റെ ജനലിലൂടെ രക്ഷപ്പെട്ടു. ഇവരില്‍ പലര്‍ക്കും പൊള്ളലേറ്റു. തീ പൂര്‍ണമായും അണച്ച ശേഷം മാത്രമേ കൃത്യമായ മരണസംഖ്യ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടന്നതിനു പിന്നാലെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായവും വൈദ്യസഹായവും നല്‍കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കുര്‍ണൂലില്‍ ഹൈദരാബാദ് - ബെംഗളൂരു ദേശീയപാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍മരിച്ചു
