ന്യൂയോർക്ക്: സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രഹസ്യമായി മറ്റൊരു കമ്പനിയിൽ കരാർ ജോലിയും ചെയ്തതിന്റെ പേരിൽ ഇന്ത്യൻ വംശജനായ മേഹുൽ ഗോസ്വാമി (39) യെ അമേരിക്കൻ അധികാരികൾ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫിസും സാരട്ടോഗ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റും നടത്തിയ സംയുക്ത അന്വേഷണത്തിൽ, ഗോസ്വാമിയുടെ പ്രവൃത്തികൾ 50,000 ഡോളർ മൂല്യമുള്ള പൊതുസമ്പത്ത് ദുരുപയോഗം ചെയ്തതിനു തുല്യമാണെന്ന് കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗോസ്വാമി ന്യൂയോർക്ക് സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി സർവീസസിൽ ഓൺലൈനായി ജോലി ചെയ്തുവരികയായിരുന്നു. അതോടൊപ്പം, 2022 മാർച്ചുമുതൽ ഗ്ലോബൽ ഫൗണ്ടറീസ് എന്ന സെമികണ്ടക്ടർ കമ്പനിയിൽ കോൺട്രാക്ടറായി ജോലിയിൽ ചേർന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
അദ്ദേഹം സർക്കാർ സമയത്ത് സ്വകാര്യ ജോലിയും ചെയ്യുന്നുവെന്ന രഹസ്യ ഇമെയിൽ ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
'പൊതു സേവനം വിശ്വാസത്തോടെയും അഴിമതിയില്ലാതെയും ചെയ്യാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. എന്നാൽ ഗോസ്വാമിയുടെ പ്രവൃത്തികൾ ആ വിശ്വാസത്തിന് നേരെയുള്ള ഗുരുതരമായ ലംഘനമാണ്. ഒരേസമയം രണ്ട് പൂർണ്ണസമയം ജോലികൾ ചെയ്യുന്നത് പൊതുസംഭാവനകളും നികുതിദാതാക്കളുടെ പണവും ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്,' എന്ന് ഇൻസ്‌പെക്ടർ ജനറൽ ലൂസി ലാങ്ങ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഒക്ടോബർ 15ന്, സാരട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസ് ഗോസ്വാമിയെ 'ഗ്രാൻഡ് ലാർസനി രണ്ടാം ഡിഗ്രി' കുറ്റത്തിന് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ ക്ലാസ് ഇ വിഭാഗത്തിലുള്ളതും പരമാവധി 15 വർഷം തടവ് ലഭിക്കാവുന്ന തരത്തിലുള്ളതുമായ ഗുരുതര കുറ്റകൃത്യമാണിത്.
ഗോസ്വാമി പിന്നീട് മാൽട്ട ടൗൺ കോടതിയിൽ ജഡ്ജി ജെയിംസ് എ. ഫൗസിയുടെ മുമ്പാകെ ഹാജരായി. കേസിന്റെ അന്വേഷണം തുടരുന്നതിനാൽ ജാമ്യമില്ലാതെ മോചനം അനുവദിക്കപ്പെട്ടു.
എന്നാൽ പുതുക്കിയ ന്യൂയോർക്ക് സംസ്ഥാന നിയമപ്രകാരം, ഗോസ്വാമിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യത്തിന് യോഗ്യമായ കുറ്റങ്ങളിലല്ല എന്ന് കോടതി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
'ന്യൂയോർക്ക് സംസ്ഥാനത്തിലെ പൊതു സേവനത്തിന്റെ വിശ്വാസ്യത തകർക്കുന്നവർക്ക് എതിരായി നിയമം കർശനമായി നടപ്പാക്കും,' എന്ന് ലൂസി ലാങ്ങ് വ്യക്തമാക്കി.
ടൈംസ് യൂണിയൻ റിപ്പോർട്ട് പ്രകാരം, ഗോസ്വാമി 2024 ൽ 117,891 ഡോളർ ശമ്പളം ലഭിച്ച പ്രോജക്ട്് കോഓർഡിനേറ്റർ ആയിരുന്നു.
ഓൺലൈനായി ജോലി ചെയ്യുന്നവർ ഒരേസമയം രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്.
.
ഇരട്ട ജോലികൾ ചെയ്ത ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ പിടിയിൽ ; 15 വർഷം തടവിന് സാധ്യത
