വാഷിംഗ്ടണ്‍ : അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നായ കാനഡയുമായുള്ള ബന്ധത്തില്‍ വീണ്ടും ശക്തമായ വിള്ളലും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന നീക്കം നടത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
മുന്‍ യുഎസ് പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ ശബ്ദം ഉപയോഗിച്ച് താരിഫുകള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കാനഡ പ്രചരിപ്പിച്ചതായും അതാണ് ഈ തീരുമാനം എടുക്കാന്‍ കാരണമായതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ആരോപിച്ചു.
'അമേരിക്കയുടെ ദേശീയ സുരക്ഷക്കും സാമ്പത്തിക സ്ഥിരതക്കും താരിഫുകള്‍ നിര്‍ണായകമാണ്. കാനഡയുടെ അപമാനകരമായ പെരുമാറ്റത്തെ അടിസ്ഥാനമാക്കി എല്ലാ വ്യാപാര ചര്‍ച്ചകളും ഇതോടെ അവസാനിപ്പിക്കുന്നു,'
എന്ന് ട്രംപ് പോസ്റ്റില്‍ എഴുതി.
അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് കാനഡ. ട്രംപ് ഭരണകൂടം ഇതിനകം തന്നെ കാനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇരട്ട അക്കത്തില്‍ താരിഫുകള്‍ ചുമത്തിയിട്ടുണ്ട്. താരിഫുകള്‍ ഇല്ലാതാക്കാന്‍ കാനഡ 'അമേരിക്കയുടെ 51ാം സംസ്ഥാനം' ആകണമെന്ന പ്രസ്താവനയും ട്രംപ് കഴിഞ്ഞകാലത്ത് ആവര്‍ത്തിച്ചിരുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ സംയുക്ത സ്വതന്ത്ര വ്യാപാര ഉടമ്പടി (USMCA) അടുത്ത വേനല്‍ക്കാലത്തോടെ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പുതിയ സംഘര്‍ഷം.
ട്രംപ് പരാമര്‍ശിച്ച പരസ്യം കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോ സര്‍ക്കാരാണ് പുറത്തിറക്കിയത്. ഏകദേശം 75 മില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവഴിച്ചാണ് പരസ്യം തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
1987ല്‍ റീഗന് നടത്തിയ പ്രസംഗത്തിന്റെ ശബ്ദം ഉപയോഗിച്ചാണ് പരസ്യം; 'ടാരിഫുകള്‍ ദേശീയ താല്പര്യത്തിന് ഹാനികരമാണ്' എന്ന സന്ദേശം അടങ്ങിയതാണ് അത്. ന്യൂസ്മാക്സ്, ബ്ലൂംബെര്‍ഗ് അടക്കമുള്ള അമേരിക്കന്‍ ചാനലുകളിലാണ് ഈ പരസ്യം ഈ ആഴ്ച മുതല്‍ സംപ്രേഷണം തുടങ്ങിയത്.
'വിദേശ ഇറക്കുമതികളില്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് ദേശസ്നേഹപരമായത് പോലെ തോന്നാമെങ്കിലും, അതിന്റെ ഫലത്തില്‍ വിപണികള്‍ ചുരുങ്ങുകയും വ്യവസായങ്ങള്‍ അടയുകയും ലക്ഷക്കണക്കിന് ആളുകള്‍ ജോലി നഷ്ടപ്പെടുകയും ചെയ്യും.-എന്നാണ് റീഗന്റെ ശബ്ദത്തിലുള്ള പരസ്യം പറയുന്നത്:
റീഗന്റെ ശബ്ദത്തില്‍ താരിഫിനെതിരെ വ്യാജ പരസ്യം: കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി ട്രംപ്
