''ഞാന്‍ വേദിയില്‍ പ്രസംഗിച്ചപ്പോള്‍ പ്രസിഡന്റ് സദസിലിരുന്നു കേട്ടു '' ; ട്രംപിന്റെ വിനയത്തെ പ്രശംസിച്ച് മോഡി

''ഞാന്‍ വേദിയില്‍ പ്രസംഗിച്ചപ്പോള്‍ പ്രസിഡന്റ് സദസിലിരുന്നു കേട്ടു '' ; ട്രംപിന്റെ വിനയത്തെ പ്രശംസിച്ച് മോഡി


ന്യൂഡല്‍ഹി: താന്‍ വേദിയില്‍പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രംപ് കാണികള്‍ക്കിടയില്‍ ഇരുന്നു കേള്‍ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്രംപിന്റെ വിനയത്തെയും തനിക്കു നല്‍കിയ ബഹുമാനത്തെയും കുറിച്ച് പറയുന്നതിനിടയിലാണ് ട്രംപിനെ പ്രശംസിക്കുന്ന മോഡിയുടെ വാക്കുകള്‍.
 ട്രംപ് ധൈര്യശാലിയാണെന്നും വിനയാന്വിതനാണെന്നും മോഡി പറഞ്ഞു. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മോഡിയുടെ പ്രതികരണം. യുഎസിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ട്രംപിനൊപ്പം പങ്കെടുത്തതിനെക്കുറിച്ചു മോഡി വാചാലനായി.

'ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നു. വലിയ ജനക്കൂട്ടമാണ് സദസ്സിലുണ്ടായിരുന്നത്. കായികരംഗത്ത് തിരക്കേറിയ സ്‌റ്റേഡിയങ്ങള്‍ സാധാരണമാണെങ്കിലും ഒരു രാഷ്ട്രീയ റാലിക്ക് ഇത് അസാധാരണമായിരുന്നു. ഇന്ത്യന്‍ സമൂഹം വന്‍തോതില്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ രണ്ടുപേരും പ്രസംഗിച്ചു. ട്രംപ് സദസ്സിലിരുന്ന് എന്റെ പ്രസംഗം ശ്രദ്ധിച്ചു. അതാണ് അദ്ദേഹത്തിന്റെ വിനയം. ഞാന്‍ വേദിയില്‍നിന്ന് സംസാരിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് സദസ്സില്‍ ഇരിക്കുന്നു, അത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ശ്രദ്ധേയമായ പ്രവൃത്തിയായിരുന്നു' മോദി പറഞ്ഞു.

ഹൗഡി മോദിയിലെ പ്രസംഗത്തിന് ശേഷം ട്രംപ് തനിക്കൊപ്പം നടന്നതും മോദി ഓര്‍ത്തെടുത്തു. 'ഒരു മടിയും കൂടാതെ, മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി ട്രംപ് എന്നോടൊപ്പം നടക്കാന്‍ തുടങ്ങി. ആ നിമിഷം എനിക്ക് ശരിക്കും ഹൃദയസ്പര്‍ശിയായിരുന്നു. ഈ മനുഷ്യന് ധൈര്യമുണ്ടെന്ന് അത് എന്നെ കാണിച്ചുതന്നു. ട്രംപ് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നു, പക്ഷേ, ആ നിമിഷം എന്നെയും എന്റെ നേതൃത്വത്തെയും വിശ്വസിച്ച് എന്നോടൊപ്പം ആള്‍ക്കൂട്ടത്തിലേക്ക് നടന്നു. പരസ്പര വിശ്വാസത്തിന്റെ ബോധമാണത്. ഞങ്ങള്‍ക്കിടയിലുള്ള ശക്തമായ ബന്ധവും'.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് വെടിയേറ്റ കാര്യവും മോദി പരാമ!ര്‍ശിച്ചു. 'വെടിയേറ്റതിനുശേഷവും ട്രംപ് അമേരിക്കയ്ക്ക് വേണ്ടി അചഞ്ചലവും സമര്‍പ്പിതവുമായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിനുവേണ്ടിയായിരുന്നു. ഞാന്‍ 'രാഷ്ട്രം ആദ്യം' എന്നതില്‍ വിശ്വസിക്കുന്നതുപോലെ 'അമേരിക്ക ആദ്യം' എന്നതാണ് അദ്ദേഹത്തിന്റെ മനോഭാവം. ഞാന്‍ 'ഇന്ത്യ ആദ്യം' എന്ന ആശയത്തിനുവേണ്ടി നിലകൊള്ളുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ ഇത്ര നന്നായി ബന്ധപ്പെടുന്നത്' മോദി പറഞ്ഞു.

വൈറ്റ് ഹൗസ് ആദ്യമായി സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ട്രംപ് എല്ലാ ഔപചാരിക പ്രോട്ടോക്കോളുകളും ലംഘിച്ചുവെന്നും മോദി ഓര്‍ത്തെടുത്തു. അദ്ദേഹം നേരിട്ടെത്തി തന്നെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുപോയി. വൈറ്റ് ഹൗസ് ചുറ്റിനടന്നപ്പോള്‍ ഒരു കാര്യ ശ്രദ്ധിച്ചു, അദ്ദേഹത്തിന്റെ കൈവശം കുറിപ്പുകളോ മറ്റോ ഉണ്ടായിരുന്നില്ല, സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ട്രംപ് തന്നെ ഓരോ കാര്യങ്ങള്‍ കാണിച്ച് വിശദീകരിച്ചുതന്നുവെന്നും മോഡി അനുസ്മരിച്ചു.