പ്രാഡ 'മെയ്ഡ് ഇന്‍ ഇന്ത്യ' 930 ഡോളര്‍ സാന്‍ഡലുകള്‍ പുറത്തിറക്കും

പ്രാഡ 'മെയ്ഡ് ഇന്‍ ഇന്ത്യ' 930 ഡോളര്‍ സാന്‍ഡലുകള്‍ പുറത്തിറക്കും


മുംബൈ/ മിലാന്‍: ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലിമിറ്റഡ് എഡിഷന്‍ സാന്‍ഡലുകളുടെ ശേഖരം ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വിപണിയിലെത്തിക്കുമെന്ന് ഇറ്റാലിയന്‍ ലഗ്ജറി ബ്രാന്‍ഡായ പ്രാഡ അറിയിച്ചു. ഓരോ ജോഡിയും ഏകദേശം 800 യൂറോ (930 ഡോളര്‍) വിലയുണ്ടായിരിക്കും. സാംസ്‌കാരിക അപഹരണത്തെക്കുറിച്ചുള്ള വിമര്‍ശനം ഇന്ത്യന്‍ കരകൗശല വിദഗ്ധരുടെ സഹകരണത്തിലേക്കാണ് മാറുന്നതെന്ന് പ്രാഡയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ലോറന്‍സോ ബെര്‍ട്ടെല്ലി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സംസ്ഥാന പിന്തുണയുള്ള രണ്ട് സ്ഥാപനങ്ങളുമായി സഹകരിച്ച് 2,000 ജോഡി സാന്‍ഡലുകളാണ് പ്രാഡ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ഇന്ത്യന്‍ കരകൗശല പാരമ്പര്യവും ഇറ്റാലിയന്‍ സാങ്കേതികവിദ്യയും ഒത്തുചേര്‍ത്ത് പുതിയ ശേഖരമാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നു.

സ്വദേശ നിര്‍മ്മാതാക്കളുടെ പാരമ്പര്യ സാമര്‍ഥ്യവും പ്രാഡയുടെ നിര്‍മാണ സാങ്കേതികതയും സംയോജിപ്പിക്കുന്നതാണെന്ന് പ്രാഡയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ബെര്‍ട്ടെല്ലി വ്യക്തമാക്കി.

ഈ ശേഖരം 2026 ഫെബ്രുവരി മുതല്‍ ലോകമെമ്പാടുമുള്ള 40 പ്രാഡ സ്റ്റോറുകളിലും ഓണ്‍ലൈനായി ലഭ്യമാകും.

ആറുമാസങ്ങള്‍ക്ക് മുമ്പ് മിലാനില്‍ നടന്ന ഫാഷന്‍ ഷോയില്‍ 12-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ 'കൊലാപ്പൂരി ചപ്പല്‍' മാതൃകയിലുള്ള സാന്‍ഡലുകള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രാഡ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടത്. ചിത്രങ്ങള്‍ വൈറലായതോടെ ഇന്ത്യന്‍ കരകൗശല വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ശക്തമായ പ്രതികരണം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡിസൈന്‍ ഇന്ത്യയിലെ പുരാതന ശൈലിയില്‍ നിന്നുള്ളതാണെന്ന് പ്രാഡ സമ്മതിക്കുകയും സഹകരണത്തിനായി കരകൗശല കൂട്ടായ്മകളുമായി ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രാഡ, ഇന്ത്യയുടെ തോല്‍ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ലിഡ്‌കോം, ലിഡ്കര്‍ എന്നിവരുമായി ഔദ്യോഗിക കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

പാരമ്പര്യ ചപ്പലിനെക്കുറിച്ചുള്ള ബോധവത്ക്കരണം പ്രാഡയിലൂടെ ആഗോളതലത്തില്‍ വര്‍ധിക്കുമെന്ന് പ്രാഡ സ്ഥാപകരായ മ്യൂച്ചിയ പ്രാഡയും പാട്രിസിയോ ബെര്‍ട്ടെല്ലിയുടെയും മൂത്തമകനായ ലോറന്‍സോ ബെര്‍ട്ടെല്ലി പറഞ്ഞു.

മൂന്ന് വര്‍ഷത്തേക്കുള്ള പങ്കാളിത്തമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും ഇറ്റലിയിലെ പ്രാഡ അക്കാദമിയിലെയും പരിശീലന പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും. പ്രാദേശിക കരകൗശല വിദഗ്ധരുടെ വരുമാനമുയര്‍ത്താനും യുവാക്കളെ ഈ പാരമ്പര്യത്തിലേക്ക് ആകര്‍ഷിക്കാനും ചൈനീസ് വ്യാജ ഉത്പന്നങ്ങളും കുറഞ്ഞ ആവശ്യവും മൂലം നഷ്ടഭീഷണി നേരിടുന്ന പൈതൃകം സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കരകൗശല വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നു.

പ്രാഡ ഈ കലാരൂപത്തെ ലഗ്ജറി ഉത്പന്നമായി അംഗീകരിച്ചാല്‍ ആവശ്യകത കുതിച്ചുയരുമെന്ന് ലിഡ്‌കോം മാനേജിംഗ് ഡയറക്ടര്‍ പ്രേര്‍ണ ദേഷ്ഭ്രതര്‍ പറഞ്ഞു.

ഈ പദ്ധതിക്കും പരിശീലന പരിപാടികള്‍ക്കും ഒന്നിലധികം മില്യണ്‍ യൂറോ ചെലവ് വരുന്നുവെന്നും കരകൗശല വിദഗ്ധര്‍ക്ക് ന്യായമായ പ്രതിഫലം ലഭിക്കുമെന്നും ബെര്‍ട്ടെല്ലി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഈ വര്‍ഷം പ്രാഡയുടെ ആദ്യ ബ്യൂട്ടി സ്റ്റോര്‍ തുറന്നിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം പുതിയ വസ്ത്ര റീറ്റെയില്‍ സ്റ്റോറുകള്‍ അല്ലെങ്കില്‍ ഇന്ത്യയിലെ ഫാക്ടറികള്‍ തുടങ്ങാനുള്ള പദ്ധതികളൊന്നും ഇല്ലെന്ന് ബെര്‍ട്ടെല്ലി അറിയിച്ചു.