ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയുടെ വിദേശനയം തകര്‍ക്കുന്നതില്‍ പാകിസ്ഥാനും ചൈനയും വിജയിച്ചുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളിലൂടെ ഇസ്ലാമാബാദിനെ പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഇന്ത്യയില്‍ ഭീകരത നടത്തിയ വ്യക്തി'യായ അസിം മുനീറിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ആതിഥേയത്വം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനെ തടഞ്ഞുവെന്ന് വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പറയുമ്പോള്‍ ഇന്ത്യയില്‍ ഭീകരവാദം നടത്തിയ അസിം മുനീറിനെ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് രാഹുല്‍ കടന്നാക്രമിച്ചു. അവിടെ പ്രധാനമന്ത്രി മോഡിക്ക് പോലും പോകാന്‍ കഴിയില്ല. അസിം മുനീര്‍ നന്ദി പറയാന്‍ ആഗ്രഹിച്ചുവെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. എന്തിനാണ് നന്ദിയെന്നു ചോദിച്ച രാഹുല്‍ ഗാന്ധി ഭീകരത പ്രചരിപ്പിച്ചതിനാണെന്നും നിങ്ങള്‍ ഏത് ഗ്രഹത്തിലാണ് ഇരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രിയോട് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും ദയവായി ഇറങ്ങി വരണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ ശില്‍പ്പിയായ അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നത് 'പുതിയ സാധാരണ'മാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോള്‍, മറ്റൊരു പുതിയ സാധാരണം ഉണ്ടെന്നും ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നും അതിനിടയില്‍ പാകിസ്താന്‍ വിജയം പ്രഖ്യാപിച്ചുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഏത് ഭീകര പ്രവര്‍ത്തനവും യുദ്ധ പ്രവൃത്തിയാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ എല്ലാ അധികാരവും തീവ്രവാദികള്‍ക്ക് കൈമാറിയിരിക്കുകയാണെന്നും നിങ്ങള്‍ക്ക് യുദ്ധം വേണമെങ്കില്‍ ഇന്ത്യയെ ആക്രമിക്കൂ എന്ന് പറയുകയാണെന്നും ഇത് ഭ്രാന്താണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മെയ് മാസത്തില്‍ നാല് ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ധാരണയ്ക്ക് താന്‍ മധ്യസ്ഥത വഹിച്ചു എന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തെ പരാമര്‍ശിച്ചുകൊണ്ട് യു എസ് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 29 തവണ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം കള്ളം പറയുകയാണെങ്കില്‍ പ്രധാനമന്ത്രി മോഡി തന്റെ പ്രസംഗത്തില്‍ അത് വ്യക്തമായി പറയട്ടെയെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ നിന്ന് 'ഡൊണാള്‍ഡ് ട്രംപ്, നിങ്ങള്‍ ഒരു നുണയനാണ്' എന്ന് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധവിരാമ ധാരണയില്‍ ട്രംപ് യാതൊരു പങ്കും വഹിച്ചിട്ടില്ലെന്ന് ഇന്ത്യ നിഷേധിച്ചു. ശത്രുത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സായുധ സേന വ്യോമതാവളങ്ങളില്‍ നടത്തിയ കൃത്യമായ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഡിജിഎംഒ തന്റെ ഇന്ത്യന്‍ എതിരാളിയെ വിളിച്ചതായി ന്യൂഡല്‍ഹി പറയുന്നു.
ജൂണില്‍ വൈറ്റ് ഹൗസില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് ഡൊണാള്‍ഡ് ട്രംപ് ആതിഥേയത്വം വഹിച്ചു. ഇതാദ്യമായാണ് ഒരു യു എസ് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ പാകിസ്ഥാന്‍ സൈനിക മേധാവിക്ക് ആതിഥേയത്വം നല്‍കുന്നത്. യോഗത്തില്‍, 'പാകിസ്ഥാനുമായി പരസ്പര പ്രയോജനകരമായ ഒരു വ്യാപാര പങ്കാളിത്തം' ഉണ്ടാക്കുന്നതില്‍ ട്രംപ് 'തീവ്രമായ താത്പര്യം' പ്രകടിപ്പിച്ചു.