ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തിന് കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. കേരളത്തില്‍ 32 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍കൂടി അനുവദിക്കുമെന്നും ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവെ അശ്വനി വൈഷ്ണവ് പറഞ്ഞു.
റെയില്‍വെയില്‍ 15742 കോടി രൂപയുടെ വികസനം നടത്തി. 35 സ്റ്റേഷനുകള്‍ നവീകരിച്ചു. പുതിയ 14000 അണ്‍റിസര്‍വര്‍ഡ് കോച്ചുകള്‍ നിര്‍മ്മിച്ചു. 100 കിലോമീറ്റര്‍ ദൂരത്തില്‍ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടില്‍ സര്‍വീസാണ് റെയില്‍വെയില്‍ വരുന്ന പ്രധാന മാറ്റം.
കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍- നഞ്ചന്‍കോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തും. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയില്‍വേ പാത യുടെ കാര്യത്തില്‍ ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.