ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ഡോ. ഷാഹിന്‍ ഷാഹിദ് ഇന്ത്യ വിടാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നു. അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഈ പ്രഫസര്‍ വിസാ അപേക്ഷ സമര്‍പ്പിക്കുകയും അതുമായി ബന്ധപ്പെട്ട രേഖാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. നവംബര്‍ 10നുള്ള സ്‌ഫോടനത്തിന് ഒരാഴ്ച മുമ്പ് നവംബര്‍ മൂന്നിനാണ് പൊലീസ് വിസാ സ്ഥിരീകരണത്തിനായി അവരില്‍ നിന്ന് ഫോട്ടോ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
അല്‍ ഫലാഹ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരായ ഡോ. ഉമര്‍ ഉന്‍ നബി, ഡോ. മുജമ്മില്‍ ഗനായ് എന്നിവരോടൊപ്പം ഷാഹിന്‍ ഷാഹിദ് മുഖ്യ പ്രതികളിലൊരാളാണ്. പൊലീസ് പറയുന്നത് അനുസരിച്ച് ഇവര്‍ മൂന്നുപേരും ഒരു എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പ് ഉപയോഗിച്ച് സ്ഥിരമായി പരസ്പരം ബന്ധപ്പെടുകയും ഭീകരസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് സ്‌ഫോടനം നടന്ന ദിവസം കാര്‍ ഓടിച്ച ഉമര്‍ തന്നെയാണ് ഈ സംഘത്തെ പ്രധാനമായും ഏകോപിപ്പിച്ചത്. ഫരീദാബാദില്‍ നിന്നു പിടിച്ചെടുത്ത ചുവപ്പ് നിറത്തിലുള്ള എക്കോസ്‌പോര്‍ട്ട് കാര്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഈ വാഹനം പല തവണ ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
