മുംബൈ: ശക്തമായ വിദേശ നിക്ഷേപ പിന്‍വലിക്കലുകള്‍, ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ പുരോഗതി ഇല്ലായ്മ, ഡോളര്‍ വാങ്ങല്‍ സമ്മര്‍ദ്ദം തുടരുന്നത് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രൂപ ഡോളറിനെതിരെ 23 പൈസ നഷ്ടപ്പെട്ട് 91.01 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു.
ഇടപാടിനിടെ രൂപയ്ക്ക് മുന്‍ ക്ലോസില്‍ നിന്ന് 36 പൈസ വരെ നഷ്ടപ്പെട്ട് 91.14 എന്ന ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെങ്കിലും ദിവസാവസാനത്തില്‍ ചില നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുകയായിരുന്നു. ആഗോള വിപണിയില്‍ ഡോളര്‍ സൂചിക ദുര്‍ബലമായതും ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവുണ്ടായതും ഉള്‍പ്പെടെയുണ്ടെങ്കിലും രൂപയുടെ വീഴ്ച തടയാനായില്ലെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.
കഴിഞ്ഞ 10 വ്യാപാര ദിവസത്തിനിടെ രൂപ 90 എന്ന നിലയില്‍ നിന്ന് 91ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ അഞ്ച് സെഷനുകളില്‍ മാത്രം ഡോളറിനെതിരെ ഏകദേശം ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം തന്നെ രൂപ ഡോളറിനെതിരെ 92 എന്ന നിലയും കടക്കാന്‍ സാധ്യതയുണ്ടെന്ന് ഫോറെക്‌സ് വിപണി വിലയിരുത്തുന്നു.
ഇന്റര്‍ബാങ്ക് വിദേശവിനിമയ വിപണിയില്‍ രൂപ 90.87 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച് 90.76 മുതല്‍ 91.14 വരെയുള്ള പരിധിയില്‍ ഇടപാടുകള്‍ നടത്തി. ഒടുവില്‍ മുന്‍ ക്ലോസിനെ അപേക്ഷിച്ച് 23 പൈസ നഷ്ടത്തോടെ 91.01-ല്‍ ക്ലോസ് ചെയ്തു. തിങ്കളാഴ്ച രൂപ 90.78-ല്‍ ക്ലോസ് ചെയ്തിരുന്നു; അന്ന് 29 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഇന്ത്യ സമര്‍പ്പിച്ച പുതിയ വ്യാപാര നിര്‍ദേശങ്ങള്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അംഗീകരിച്ചിട്ടില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡോളര്‍ വാങ്ങല്‍ തുടര്‍ന്നു. അതാണ് രൂപയെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിച്ചതതെന്ന് ഫിന്റെക്സ് ട്രഷറി അഡൈ്വസേഴ്സ് എല്‍എല്‍പിയുടെ ട്രഷറി മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനില്‍ കുമാര്‍ ഭന്‍സാലി പറഞ്ഞു. ആര്‍ ബി ഐയുടെ ഇടപെടല്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വില്‍പ്പന തുടരുമെന്നും വ്യാപാര കരാര്‍ അന്തിമമാകുന്നതുവരെ ഡോളര്‍/ രൂപ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 92 എന്ന നില ഉടന്‍ കാണാനാകുമെന്നും നാളത്തെ വ്യാപാര പരിധി 90.75 മുതല്‍ 91.25 വരെയായിരിക്കുമെന്നും ഭന്‍സാലി പറഞ്ഞു.
എക്‌സ്‌ചേഞ്ച് ഡേറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 1,468.32 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു.
അതേസമയം, സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവ് നിലയില്‍ തുടര്‍ന്നു; നിരക്ക് -0.32 ശതമാനമാണ്. ഒക്ടോബറില്‍ ഇത് -1.21 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൊത്തവില സൂചിക പണപ്പെരുപ്പം 2.16 ശതമാനമായിരുന്നു. പയര്‍വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ മാസാന്തരമായി വര്‍ധനവുണ്ടായിട്ടും മൊത്തവില പണപ്പെരുപ്പം നെഗറ്റീവ് നിലയിലാണ്.
ആറ് കറന്‍സികളുടെ കൂട്ടത്തോട് താരതമ്യപ്പെടുത്തി ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.08 ശതമാനം കുറഞ്ഞ് 98.23 എന്ന നിലയില്‍ വ്യാപാരം നടത്തി. ആഗോള ക്രൂഡ് ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ 1.78 ശതമാനം ഇടിഞ്ഞ് ബാരലിന് 59.48 ഡോളറിലേക്കും താഴ്ന്നു.
ആഭ്യന്തര ഓഹരി വിപണിയില്‍, 30 ഓഹരികളുടെ സെന്‍സെക്‌സ് സൂചിക 533.50 പോയിന്റ് ഇടിഞ്ഞ് 84,679.86-ല്‍ ക്ലോസ് ചെയ്തപ്പോള്‍, നിഫ്റ്റി 167.20 പോയിന്റ് നഷ്ടപ്പെട്ട് 25,860.10-ല്‍ അവസാനിച്ചു.
