ന്യൂഡല്‍ഹി: പഴയ ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങള്‍ ജൂലായ് 1 തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരികയാണ്. ഇത് ഇന്ത്യയുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുകയും കൊളോണിയല്‍ കാലത്തെ നിയമനിര്‍മാണങ്ങളെ മാറ്റി സ്ഥാപിക്കുകയും ചെയ്യും. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അറിഞ്ഞിരിക്കേണ്ട പത്ത് മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
1) ക്രിമിനല്‍ കേസുകളില്‍ വിചാരണ അവസാനിച്ച് 45 ദിവസത്തിനുള്ളില്‍ വിധികള്‍ പുറപ്പെടുവിക്കണം. ആദ്യവാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. സാക്ഷികളുടെ സുരക്ഷയും സഹകരണവും ഉറപ്പാക്കുന്നതിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സാക്ഷി സംരക്ഷണ പദ്ധതികള്‍ നടപ്പാക്കണം.
2) ബലാത്സംഗക്കേസുകളില്‍ ഇരകളുടെ മൊഴികള്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വേണം രേഖപ്പെടുത്താന്‍. ഏഴുദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.
3) നിയമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ പുതിയൊരു അധ്യായത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നു. ഒരു കുട്ടിയെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഹീനമായ കുറ്റകൃത്യമായി കണക്കാക്കുന്നു. ഈ കുറ്റത്തിന് കഠിനമായ ശിക്ഷകള്‍ ഉറപ്പുവരുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വിധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം.
4) വിവാഹവാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ചശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന കേസുകളില്‍ പുതിയ നിയമത്തില്‍ ശിക്ഷ ഉറപ്പുവരുത്തുന്നു.
5) സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകള്‍ക്ക് 90 ദിവസത്തിനുള്ളില്‍ കേസുകളിലെ പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ ആശുപത്രികളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഇരയായവര്‍ക്ക് സൗജന്യ പ്രഥമ ശുശ്രൂഷയോ ചികിത്സയോ നല്‍കണം.
6) എഫ്ഐആര്‍, പോലീസ് റിപ്പോര്‍ട്ട്, കുറ്റപത്രം, മൊഴികള്‍, കുറ്റസമ്മതം, മറ്റ് രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ 14 ദിവസത്തിനകം ലഭിക്കാന്‍ പ്രതിക്കും ഇരയ്ക്കും അര്‍ഹതയുണ്ട്. കേസ് വാദം കേള്‍ക്കലില്‍ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ക്ക് പരമാവധി രണ്ട് തവണ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാന്‍ അനുവദിക്കും.
7) പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ ഇലക്ട്രോണിക്സ് ആശയവിനിമയത്തിലൂടെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. അധികാര പരിധി പരിഗണിക്കാതെ തന്നെ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പുതിയ നിയമം വ്യക്തികളെ അനുവദിക്കുന്നു.
8) അറസ്റ്റിലാകുന്ന വ്യക്തിക്ക് അവരുടെ സാഹചര്യത്തെക്കുറിച്ച് ഒരു വ്യക്തിയെ അറിയിക്കാന്‍ അവകാശമുണ്ട്. അതുവഴി അയാള്‍ക്ക് ഉടന്‍ തന്നെ സഹായം ലഭിക്കും. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പെട്ടെന്ന് തന്നെ അയാളുമായി ബന്ധപ്പെടുന്നതിന് പോലീസ് സ്റ്റേഷനുകളിലും ജില്ലാ ആസ്ഥാനങ്ങളിലും അറസ്റ്റിന്റെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
9) ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യണം.
10) 'ലിംഗം' എന്നതിന്റെ നിര്‍വചനത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ചില കുറ്റകൃത്യങ്ങളില്‍ ഇരയുടെ മൊഴികള്‍ വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തണം.
ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍ വന്നു; പ്രധാനമാറ്റങ്ങള്‍ അറിയാം
