പ്രളയ് ഭൂതല- ഭൂതല മിസൈലിന്റെ രണ്ട് പരീക്ഷണങ്ങള്‍ നടത്തി

പ്രളയ് ഭൂതല- ഭൂതല മിസൈലിന്റെ രണ്ട് പരീക്ഷണങ്ങള്‍ നടത്തി


ബംഗളൂരു: ഒഡീഷ തീരത്തുള്ള ഡോ. എ പി ജെ അബ്ദുല്‍ കലാം ദ്വീപില്‍ പ്രളയ് ഭൂതല- ഭൂതല മിസൈലിന്റെ രണ്ട് പരീക്ഷണങ്ങള്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വിജയകരമായി പൂര്‍ത്തിയാക്കി. മിസൈല്‍ സംവിധാനത്തിന്റെ ഉയര്‍ന്നതും കുറഞ്ഞതുമായ ദൂരപരിധികള്‍ സാധൂകരിക്കുന്നതിനുള്ള വിലയിരുത്തലിന്റെ ഭാഗമായാണ് പരീക്ഷണങ്ങള്‍ നടത്തിയത്.

150- 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള 5 ടണ്‍ ഭാരമുള്ള ഈ മിസൈല്‍ മുന്‍നിശ്ചയിച്ച പാത കൃത്യമായി പിന്തുടര്‍ന്നു. പരീക്ഷണോദ്ദേശങ്ങളെല്ലാം കൃത്യമായി നിറവേറ്റി ലക്ഷ്യസ്ഥാനത്തെത്തി. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആര്‍) വിന്യസിച്ച വിവിധ നിരീക്ഷണ സെന്‍സറുകള്‍ പകര്‍ത്തിയ പരീക്ഷണ ഡേറ്റ പ്രകാരം എല്ലാ ഉപസംവിധാനങ്ങളും പ്രതീക്ഷക്കൊത്ത വണ്ണം പ്രവര്‍ത്തിച്ചു. ഡെസിഗനേറ്റഡ് ഇംപാക്ട് പോയിന്റിന് സമീപം കപ്പലില്‍ വിന്യസിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം പരിശോധിച്ചുറപ്പിച്ചു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്റ് അര്‍ധ- ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയര്‍ന്ന കൃത്യത ഉറപ്പാക്കാന്‍ അത്യാധുനിക മാര്‍ഗനിര്‍ദേശ, ഗതിനിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കെതിരെ വിവിധ തരം പോര്‍മുനകള്‍ വഹിക്കാന്‍ ഈ മിസൈലിന് കഴിയും. യാത്രയ്ക്കിടെ വഴിമാറി സഞ്ചരിക്കാന്‍ കഴിയുന്ന പ്രളയ് മിസൈലിനെ ശത്രുക്കള്‍ക്കു കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.

ഡിആര്‍ഡിഒ ലാബുകളായ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി, അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി, ആമമെന്റ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി, ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എന്‍ജിനീയേഴ്‌സ്), ഐ ടി ആര്‍ തുടങ്ങിയവയുമായി സഹകരിച്ച് റിസര്‍ച്ച് സെന്റര്‍ ഇമാറാത്ത് ഈ സിസ്റ്റം ആണ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, വിവിധ വ്യവസായ സ്ഥാപനങ്ങള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയാണ് പങ്കാളികള്‍.

ഡി ആര്‍ ഡി ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, ഇന്ത്യന്‍ വ്യോമ, കര സേനാ പ്രതിനിധികള്‍, വ്യാവസായിക പ്രതിനിധികള്‍ എന്നിവര്‍ പരീക്ഷണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ പ്രളയ് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2021 ഡിസംബറിലാണ് ഇതിന്റെ പ്രാഥമിക പരീക്ഷണ വിക്ഷേപണം നടന്നത്.

പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡി ആര്‍ ഡി ഒയെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഈ മിസൈല്‍ രാജ്യം നേരിടുന്ന ഭീഷണികള്‍ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.