വയനാട് ദുരിത ബാധിതര്‍ക്ക് വ്യവസായ പ്രമുഖരുടെ സഹായം

വയനാട് ദുരിത ബാധിതര്‍ക്ക് വ്യവസായ പ്രമുഖരുടെ സഹായം


തിരുവനന്തപുരം: കേരളത്തിന്റെ ദുഃഖമായി മാറിയ ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരിത ബാധിതരെ സഹായിക്കാന്‍ വ്യവസായ പ്രമുഖര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വ്യവസായ പ്രമുഖര്‍ സഹായധനം പ്രഖ്യാപിച്ചത്. 

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍, വിഴിഞ്ഞം പോര്‍ട്ട് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് എന്നിവര്‍ അഞ്ച് കോടി രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രഖ്യാപിച്ചത്. 

കാനറാ ബാങ്ക് ഒരു കോടി രൂപയും കെ എം എം എല്‍ അരക്കോടി രൂപയും വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം രൂപയും ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അഞ്ച് കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ വി വേലു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

കേരളത്തിലെ എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപയും തമിഴ് ചലച്ചിത്ര താരം വിക്രം 20 ലക്ഷം രൂപയും നല്‍കി.