തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്


തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ബി ജെ പി ക്രമക്കേട് കാണിച്ചെന്ന ആരോപണവുമായി തൃശൂര്‍ ഡി സി സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടുവിലാസത്തില്‍ 11 പേരെയാണ് ചേര്‍ത്തത്. ഇതെല്ലാം സുരേഷ് ഗോപിയുടെ ബന്ധുക്കളുടെ വോട്ടുകളാണെന്നും ജോസഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരോപണം.

സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ആളുകളില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് സുരേഷ് ഗോപിയും സംഘവും ഇവിടെ വന്ന് വോട്ടു ചേര്‍ക്കുകയായിരുന്നെന്നും ജോസഫ് ആരോപിച്ചു. വാര്‍ഡ് നമ്പര്‍ 30ല്‍ വോട്ട് ചോര്‍ത്തിയത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളില്‍ പരാതി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പു സമയത്ത് തന്നെ പരാതി നല്‍കിയെങ്കിലും വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വോട്ടു ചെയ്യാമെന്ന നയമാണ് കളക്ടര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. ബി ജെ പി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകള്‍ ചേര്‍ത്തു എന്നാണ്. അമ്പതോളം പരാതികള്‍ അന്ന് നല്‍കിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

45 മുതല്‍ 70 വയസ് വരെയുള്ള വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ബി ജെ പി നിരവധി ബൂത്തുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബി ജെ പിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.