സംസ്ഥാനത്ത് ശിശു മരണ നിരക്ക് അഞ്ചായി കുറഞ്ഞ് യുഎസിനെ മറികടന്നു- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് ശിശു മരണ നിരക്ക് അഞ്ചായി കുറഞ്ഞ് യുഎസിനെ മറികടന്നു- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്


തിരുവനന്തപുരം: സംസ്ഥാനത്ത് ശിശു മരണ നിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ദേശീയ ശരാശരി 25 ആയിരിക്കെ രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. യുഎസിലേത് 5.6 ആണ്. ഇതിനേക്കാള്‍ കുറവാണ് കേരളത്തിലേതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 

സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെയാണ് ശിശു മരണ നിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ എസ് ആര്‍ എസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശു മരണ നിരക്ക് 28ഉം നഗര മേഖലകളില്‍ 19ഉം ആണ്.
.കേരളത്തില്‍ ഗ്രാമ നഗര മേഖലാ വ്യത്യാസമില്ലാതെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ തെളിവാണ് ഇതെന്ന് ആരോഗ്യ മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. സംസ്ഥാനത്തിന് ഇത് അഭിമാനവും സന്തോഷവും നല്‍കുന്നതാണ്.
പൊതുജനാരോഗ്യ സേവനങ്ങള്‍ മികച്ച രീതിയില്‍ സംസ്ഥാനത്ത് ലഭ്യമാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.