കേരളം ഇന്ത്യയുടെ ഉഷ്ണ തലസ്ഥാനമായി മാറുന്നു; അശുഭകരമായ മുന്നറിയിപ്പുമായി കാലാവസ്ഥാ റിപ്പോര്‍ട്ട്

കേരളം ഇന്ത്യയുടെ ഉഷ്ണ തലസ്ഥാനമായി മാറുന്നു; അശുഭകരമായ മുന്നറിയിപ്പുമായി കാലാവസ്ഥാ റിപ്പോര്‍ട്ട്


പത്തനംതിട്ട: കേരളം ഇന്ത്യയുടെ ഉഷ്ണ തലസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
തൃശ്ശൂരില്‍ നടന്ന സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്തിന്റെ ശരാശരി താപനിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി വെളിപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, ഏറ്റവും ആശങ്കാജനകമായ വര്‍ദ്ധനവ് ഏപ്രിലിലാണ് രേഖപ്പെടുത്തിയത്. 1.85 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ആ മാസം വര്‍ദ്ധിച്ചത്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പുമായി സഹകരിച്ച് തയ്യാറാക്കിയ പഠനത്തില്‍ കഴിഞ്ഞ 124 വര്‍ഷത്തിനിടയിലെ കേരളത്തിന്റെ വാര്‍ഷിക ശരാശരി താപനില ആശങ്കാജനകമായി ഉയരുന്ന പ്രവണതയാണ് എടുത്തുകാണിക്കുന്നത്. ഇപ്പോള്‍ താപനില 0.99 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു. 2024 സംസ്ഥാനത്തിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി തെളിഞ്ഞതോടെ ഭാവി അത്ര സുരക്ഷിതമായിരിക്കില്ല എന്ന വ്യക്തമായ സൂചനയാണിത് നല്‍കുന്നത്.

ഒരു ദശാബ്ദക്കാലത്തെ വിശകലനം കാണിക്കുന്നത്, 2016-ല്‍ 0.77 ഡിഗ്രി സെല്‍ഷ്യസും 2023-ല്‍ 0.76 ഡിഗ്രി സെല്‍ഷ്യസും ആയിരുന്ന ശരാശരി താപനില 2024-ല്‍ 0.99 ഡിഗ്രി സെല്‍ഷ്യസായി കുത്തനെ ഉയര്‍ന്നതാണ്. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന് കീഴിലുള്ള കോട്ടയം ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സമാഹരിച്ച റിപ്പോര്‍ട്ട്, കേരളത്തില്‍ എല്ലാ സീസണുകളിലും താപനില വര്‍ദ്ധനവ് നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

സൈത്യ കാലത്തുപോലും കേരളത്തില്‍ 1.17 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡ് വര്‍ദ്ധനവ് കാണാന്‍ കഴിഞ്ഞതായി പഠനം വെളിപ്പെടുത്തുന്നു. 2024 ഡിസംബര്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശൈത്യകാലമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. സാധാരണ സംസ്ഥാനത്ത് ഏറ്റവും ചൂടുകുറഞ്ഞ കാലയാളവാണ് ഡിസംബര്‍ ജനുവരി മാസങ്ങള്‍. എന്നാല്‍ 2024 ഡിസംബര്‍, 2025 ജനുവരി മാസങ്ങളിലെ അസാധാരണമാംവിധം ചൂടുള്ള താപനില സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ജനുവരിയില്‍ മാത്രം, ഏറ്റവും കുറഞ്ഞ താപനിലയില്‍ 1.71 ഡിഗ്രി സെല്‍ഷ്യസിന്റെ അമ്പരപ്പിക്കുന്ന വര്‍ധനവ് രേഖപ്പെടുത്തി. വേനല്‍ക്കാലത്ത് രേഖപ്പെടുത്തിയ സീസണല്‍ താപനില 1.13 ഡിഗ്രി സെല്‍ഷ്യസും മണ്‍സൂണില്‍ 0.95 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. അതേസമയം, മണ്‍സൂണിനു ശേഷമുള്ള കാലഘട്ടങ്ങളില്‍ 0.81 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പത്ത് വര്‍ഷങ്ങളില്‍ ഒമ്പതെണ്ണം 2015 നും 2024 നും ഇടയിലാണ് സംഭവിച്ചത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ താപനിലകളുടെ ഒരു നൂറ്റാണ്ട് നീണ്ട അനുപാത വിശകലനം (അംശബന്ധ കണക്ക്) ഈ പ്രവണതയെ കൂടുതല്‍ പിന്തുണയ്ക്കുന്നു, കഴിഞ്ഞ 100 വര്‍ഷത്തിനിടെ മൊത്തത്തില്‍ 1.15 ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ താപനിലകള്‍ തമ്മിലുള്ള വ്യത്യാസം 10 ഡിഗ്രി സെല്‍ഷ്യസ് കവിയുകയാണെങ്കില്‍, ഭാവിയില്‍ ഈ പ്രദേശം കടുത്ത വരള്‍ച്ചയെ നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മധ്യ കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നതും വര്‍ദ്ധിച്ചുവരുന്ന തീവ്രമായ വേനല്‍ മഴയും താപനിലയിലെ വര്‍ദ്ധനവിന്റെ നേരിട്ടുള്ള അനന്തരഫലമായിരിക്കാം. കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ 12.4 ശതമാനവും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ 5.4 ശതമാനവും കുറഞ്ഞതോടെ മഴയുടെ അളവില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.