ദുര്‍ഗ്: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്‍ എന്നിവരടങ്ങിയ സംഘമാണ് ദുര്‍ഗിലെ ജയിലിലെത്തിയത്. കന്യാസ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങള്‍ സംഘം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
റെയില്‍വേ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചപ്പോള്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ കുട്ടികളുടെ കൈവശം ഉണ്ടായിരുന്നുവെന്ന് എംപിമാര്‍ പറഞ്ഞു. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇവരെ കൊണ്ടുപോയതെന്നും 18 വയസിന് മുകളിലുള്ളവരാണ് ഒപ്പമുണ്ടായിരുന്നതെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷനില്‍ മോശമായ പെരുമാറ്റമാണ് കന്യാസ്ത്രീകള്‍ക്കുണ്ടായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കുട്ടികളുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിച്ചത്.
കൈവശം 2000 രൂപയും ബൈബിളും കണ്ടതോടെയാണ് ചോദ്യം ചെയ്യലുണ്ടായത്. കന്യാസ്ത്രീകള്‍ അറസ്റ്റിലായി മൂന്ന് ദിവസമായിട്ടും ജാമ്യം ലഭിക്കാത്തത് ദുരൂഹമാണെന്ന് ബെന്നി ബഹനാന്‍ എംപി പറഞ്ഞു. അതേസമയം എംപിമാരുടെ ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങള്‍ ജയിലിനു മുന്നില്‍ അരങ്ങേറി. എംപിമാര്‍ക്ക് മുന്‍പേ ബിജെപി നേതൃത്വത്തിലുള്ള സംഘത്തിന് കന്യാസ്ത്രീകളെ കാണാന്‍ അനുമതി നല്‍കിയത് പ്രതിഷേധത്തിനിടയാക്കി.
നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും കടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പ്രാദേശിക ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് ജൂലൈ 25ന് ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാന്‍സിസിനെയും സുഖമാന്‍ മാന്‍ഡവിയെയും അറസ്റ്റ് ചെയ്തത്.
യുഡിഎഫ് പ്രതിനിധി സംഘത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ എംപി ബെന്നി ബഹനാന്‍, ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) എംപി കെ ഫ്രാന്‍സിസ് ജോര്‍ജ്, കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ എന്നിവരും മറ്റ് ചില കേരള കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിരുന്നു. ജയില്‍ പരിസരത്ത് വച്ച് മാധ്യമങ്ങളോട് സംസാരിച്ച പ്രേമചന്ദ്രന്‍, കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ടു.
'കന്യാസ്ത്രീകളെ കാണാന്‍ ഞങ്ങള്‍ക്ക് 12:30ന് സമയം അനുവദിച്ചിരുന്നെങ്കിലും, കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി പ്രതിനിധി സംഘം എത്തിയതിനാല്‍ ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ബിജെപി സംഘം അവരെ കണ്ടതിന് ശേഷമാണ് ഞങ്ങള്‍ക്ക് കാണാന്‍ അനുമതി ലഭിച്ചത്. ഞങ്ങള്‍ ജയിലിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു,' പ്രേമചന്ദ്രന്‍ പറഞ്ഞു. ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇടപെട്ടതിന് ശേഷമാണ് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം യുഡിഎഫ് സംഘത്തെ ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
'പ്രതിനിധി സംഘാംഗങ്ങള്‍ അറസ്റ്റിലായ കന്യാസ്ത്രീകളുമായി വിശദമായി സംസാരിച്ചു, അവര്‍ ഞങ്ങളോട് എല്ലാം പറഞ്ഞു. അത് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല,' പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 'അവര്‍ (കന്യാസ്ത്രീകള്‍) വളരെ നിരപരാധികളാണ്. മൂന്ന് യുവതികളെയും (ഇരകളെന്ന് ആരോപിക്കപ്പെടുന്നവര്‍) ജോലിക്കായി കൊണ്ടുപോകുകയായിരുന്നു, അവരെ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരിക്കാനാണ് കന്യാസ്ത്രീകള്‍ വന്നത്. അപ്പോഴാണ് ചില ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി അവരെ ആക്രമിച്ചത്,' അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ പ്രതികരണങ്ങള്‍
മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേല്‍, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ ധ്രുവീകരിക്കുന്നതിനായി ഭരണകക്ഷിയായ ബിജെപി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ചു. വനിതകളുടെ സുരക്ഷയെക്കുറിച്ചുള്ള വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി തിങ്കളാഴ്ച പറഞ്ഞിരുന്നു.
'നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്ക് നഴ്‌സിങ് പരിശീലനവും പിന്നീട് ജോലിയും വാഗ്ദാനം ചെയ്യപ്പെട്ടു. നാരായണ്‍പൂരില്‍ നിന്നുള്ള ഒരാള്‍ അവരെ ദുര്‍ഗ് സ്‌റ്റേഷനില്‍ വെച്ച് രണ്ട് കന്യാസ്ത്രീകളെ ഏല്‍പ്പിച്ചു. അവര്‍ അവരെ ആഗ്രയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവരെ മതപരിവര്‍ത്തനത്തിന് വിധേയരാക്കാന്‍ ശ്രമിക്കുകയായിരുന്നു,' സായി നേരത്തെ അവകാശപ്പെട്ടിരുന്നു.
മലയാളി കന്യാസ്ത്രീകളെ യുഡിഎഫ് എംപിമാര്‍ ജയിലില്‍ സന്ദര്‍ശിച്ചു; ജാമ്യം കിട്ടാത്തതില്‍ ദുരൂഹതയെന്ന്
