തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ബിജെപി ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടാനാണ് നീക്കം.
തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാന്‍ രൂപീകരിക്കുകയും ഇവര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി കോടതിയുടെ അനുമതിയോടെ മാത്രമേ തുടരന്വേഷണം നടത്താനാവൂ. ഇതിനുള്ള നടപടികളിലേക്ക് നടക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തുടരന്വേഷണം നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരായ പ്രചരണ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത്- ഐക്യ മുന്നണികള്‍.
2021 ല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്നും ബിജെപിക്കു വേണ്ടി മൂന്നരക്കോടി രൂപ കേരളത്തിലെത്തിയെന്നായിരുന്നു കേസ്. എന്നാല്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്. ഇപ്പോള്‍ ബിജെപി ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വീണ്ടും വിവാദമായിരിക്കുകയാണ്.