കൊച്ചി: കൊച്ചിയില്‍ വ്യത്യസ്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കെ എസ് ആര്‍ ടി സി പുതിയൊരു സര്‍വീസ് ആരംഭിക്കുന്നു. തുറന്ന ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഒരു നഗര പ്രദക്ഷിണം.
നേരത്തെ തലശ്ശേരിയില്‍ ഹെറിറ്റേജ് ടൂര്‍ നടത്തിയ തുറന്ന കെ എസ് ആര്‍ ടി സിയിലാണ് കൊച്ചിയില്‍ സര്‍വീസിനായി എത്തിച്ചിരിക്കുന്നത്. എം ജി റോഡ് വഴി ഫോര്‍ട്ട് കൊച്ചിയിലേക്കായിരുന്നു ആദ്യം റൂട്ട് നിശ്ചയിച്ചിരുന്നതെങ്കിലും ഇടുങ്ങിയ റോഡും മരച്ചില്ലകളും ഇലക്ട്രിക് കമ്പികളൊമൊക്കെ വെല്ലുവിളി ആയതോടെ ഹൈക്കോടതിക്കു സമീപത്തു നിന്നും കണ്ടയിനര്‍ റോഡു വഴി ചേരാനെല്ലൂര്‍, ഇടപ്പള്ളി വഴി തോപ്പുംപടിയിലൂടെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലേക്കാണ് പുതിയ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ഡബിള്‍ ഡെക്കര്‍ ബസില്‍ 70 പേര്‍ക്ക് യാത്ര ചെയ്യാനാകും. നഗരത്തിന്റെ സൗകര്യവും തടസ്സമില്ലാത്ത കാഴ്ചകളും ഉറപ്പാക്കാനാവുന്ന വിധത്തിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവും ബസിലെ വിനോദസഞ്ചാരികള്‍ക്ക് രസകരമായ വിവരങ്ങള്‍ നല്‍കും.
വൈകിട്ട് അഞ്ച് മണി മുതലാണ് സിറ്റി ടൂറിന് സമയം നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് മുകളില്‍ 200 രൂപയും താഴെ 100 രൂപയുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ്- പുതുവര്‍ഷത്തില്‍ സര്‍വീസ് മികച്ച രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകാനാകുമെന്നാണ് കെ എസ് ആര്‍ ടി സി പ്രതീക്ഷിക്കുന്നത്.
ഇത് ജനപ്രിയമായാല്‍ മറ്റൊരു ബസ് കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.