കോഴിക്കോട്: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കടുവയെ പിടികൂടുകയോ അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനമെന്നും അധികൃതര്‍ പറഞ്ഞു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതിനുശേഷം നരഭോജി കടുവയെ വെടിവച്ച് കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ആവശ്യമായ ദ്രുതകര്‍മ സേനയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെഎസ് ദീപയെ ചുമതലപ്പെടുത്തി. കര്‍ണാടക ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്ന് വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ കൂടുതല്‍ പട്രോളിങ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ ഹര്‍ത്താല്‍
ശനിയാഴ്ച മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും, ജനങ്ങളുടെ ജീവന് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
അനുശോചിച്ച് പ്രിയങ്കാ ഗാന്ധി: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ അനുശോചനം അറിയിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാധയുടെ വേര്‍പാടില്‍ കുടംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എംപി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
മാനന്തവാടിയില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പിന്റെ ഉത്തരവ്