വിഴിഞ്ഞം തുറമുഖം മേയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

വിഴിഞ്ഞം തുറമുഖം മേയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും


തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് 2 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായും മന്ത്രി പറഞ്ഞു.

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍  പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 263 കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇത്രയും സമയത്തിനുള്ളില്‍ 5.36 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന   എം എസ് സി  ടര്‍ക്കിയെ   ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എം എസ് സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസ് ആയ ജേഡ് സര്‍വീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു.

വിജിഎഫ് കരാര്‍ ഒപ്പിടല്‍ കൂടി പൂര്‍ത്തിയാക്കിയതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്.  തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ പ്രഥമനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടങ്ങളിലേക്ക് എത്താനായത്.

മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്.  അതനുസരിച്ച് 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും  വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും.  തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും . 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ  ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോര്‍ട്ട് സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക. ഇക്കാര്യത്തിലും ധാരണയില്‍ എത്തിയിട്ടുണ്ട്.

2028 നകം അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിഇയു ആയിരിക്കും.  ഇതിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്‌സ് ആയിരിക്കും വഹിക്കുക.
 റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളിലുടെ  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂര്‍ത്തിയിയാക്കി തുറമുഖം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യവ്യാവസായിക വളര്‍ച്ചയുണ്ടാകും.

  തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞംകൊല്ലംപുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കി തുറമുഖ നിര്‍മ്മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് എന്‍ എച്ച് എ ഐ യുമായി ചേര്‍ന്ന് ഔട്ടര്‍ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്ക പ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറുന്ന ബൃഹത് പദ്ധതിയാണിത്.
ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്രീകൃത തുറമുഖമായി   വിഴിഞ്ഞത്തെ കണ്ടുകൊണ്ട്  ഇതര തുറമുഖങ്ങളില്‍ നിന്നും വിഴിഞ്ഞത്തേക്ക് ചരക്കു നീക്കം നടത്തുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു