സിംഗപ്പൂര്‍: വിഭവ പരിമിതികളാണ് പലപ്പോഴും സര്‍ഗ്ഗാത്മകതയുടെ ഇന്ധനമെന്ന ഓപ്പണ്‍ എഐ മുന്‍ എക്‌സിക്യൂട്ടീവ് സാക്ക് കാസിന്റെ വാക്കുകള്‍ പോലെ ജനപ്രിയ റാങ്കിംഗില്‍ ചൈനീസ് കമ്പനി ഡീപ്സീക്കിന്റെ എഐ മോഡലുകള്‍ പ്രകടനത്തില്‍ ആഗോളതലത്തില്‍ മികച്ച 10 സ്ഥാനങ്ങളിലെത്തി. യു എസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചൈനയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളെ തടയുന്നതിന് പര്യാപ്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജനുവരി 20നാണ് സങ്കീര്‍ണ്ണമായ പ്രശ്നപരിഹാരത്തിനായി രൂപകല്‍പ്പന ചെയ്ത പ്രത്യേക മോഡലായ ആര്‍1 ഡീപ്സീക്ക് അവതരിപ്പിച്ചത്. താനിതുവരെ കണ്ടതില്‍ ഏറ്റവും അത്ഭുതകരവും ശ്രദ്ധേയവുമായ മുന്നേറ്റങ്ങളില്‍ ഒന്നാണ് ഡീപ്സീക്ക് ആര്‍1 എന്നാണ് സിലിക്കണ്‍ വാലി വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മാര്‍ക്ക് ആന്‍ഡ്രീസെന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞത്.
രാജ്യത്തിന്റെ എഐ മുന്നേറ്റത്തിന്റെ മുഖമായി മാറിയ ചൈനീസ് ഹെഡ്ജ്-ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങാണ് ഡീപ്സീക്കിന്റെ വികസനത്തിന് നേതൃത്വം നല്‍കിയത്. ജനുവരി 20ന് ലിയാങ് ചൈനീസ് പ്രധാനമന്ത്രിയെ കാണുകയും തദ്ദേശീയ കമ്പനികള്‍ക്ക് യു എസുമായുള്ള അകല്‍ച്ച എങ്ങനെ കുറയ്ക്കാമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഡീപ്സീക്കിന്റെ സാങ്കേതികവിദ്യ ഓപ്പണ്‍എഐയെയും ഗൂഗിളിനെയും പിന്നിലാക്കുന്നുവെന്നാണ് സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്.അതുകൊണ്ടുതന്നെ ഈ രംഗത്തെ ശക്തമായ എതിരാളിയാണ് ഡീപ്‌സീക്ക്.
ഒരു മൈക്രോഫോണിന് മുന്നില്‍ ഇരിക്കുന്ന ലിയാങ് വെന്‍ഫെങ് ചൈനീസ് സ്റ്റേറ്റ് ടെലിവിഷനില്‍ എഐയിലെ ഒരു മീറ്റിംഗില്‍ സംസാരിക്കുന്നതായി കാണിച്ചു.
എ ഐയുടെ ഒരു മോഡല്‍ നിര്‍മിക്കുന്നതിന് 100 മില്യന്‍ മുതല്‍ ഒരു ബില്യന്‍ ഡോളര്‍ വരെ ചെലവു വരുമെന്ന് ആന്ത്രോപിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാരിയോ അമോഡി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നിന്റെ പരിശീലനത്തിന് 5.6 മില്യണ്‍ ഡോളര്‍ ചെലവാകുമെന്ാണ് ഡീപ്‌സീക്ക് പറയുന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോ എഐ ഹാര്‍ഡ്വെയര്‍ കമ്പനിയായ പോസിട്രോണിന്റെ സഹസ്ഥാപകനായ ബാരറ്റ് വുഡ്സൈഡ് ഡീപ്‌സീക്കിനെ കുറിച്ച് പറഞ്ഞത് താനും സഹപ്രവര്‍ത്തകരും ആവേശഭരിതരാണെന്നാണ്. എ ഐ മോഡലിന് പിന്നിലെ സോഫ്റ്റ്വെയര്‍ കോഡ് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.
ഡീപ്സീക്കിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ വി3 ഡിസംബറിലാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചൈനയെയും പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും കുറിച്ചുള്ള സെന്‍സിറ്റീവ് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്നുണ്ടെന്ന ഉപയോക്താക്കള്‍ വിശദമാക്കി. ഇതേകാര്യം ചില സന്ദര്‍ഭങ്ങളില്‍ ചാറ്റ്ജിപിടിയും ചെയ്യാറുണ്ട്. സര്‍ക്കാര്‍ വിമര്‍ശകരുടെ വീക്ഷണം ഉള്‍പ്പെടുത്തുന്നതിനുപകരം ബീജിംഗിന്റെ ഔദ്യോഗിക പ്രചാരണത്തിന് അനുസൃതമായാണ് ഉത്പന്നം പ്രതികരണങ്ങള്‍ നല്‍കുന്നത്.
എന്നാല്‍ മറ്റ് ഡെവലപ്പര്‍മാര്‍ക്ക് കോഡ് സ്വതന്ത്രമായി പരിഷ്‌ക്കരിക്കാന്‍ സാധിക്കുന്നതിനാല്‍ ഇതിന് മാറ്റം വരുത്താനാവുമെന്നാണ് വുഡ്സൈഡ് പറഞ്ഞത്.
തങ്ങളുടെ ആര്‍1, വി3 മോഡലുകള്‍ മുന്‍നിര പാശ്ചാത്യ മോഡലുകളേക്കാള്‍ മികച്ചതോ അതിനടുത്തതോടെ ആയ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഡീപ്സീക്ക് പറഞ്ഞു. ചാറ്റ്‌ബോട്ട് പ്രകടനം വിലയിരുത്തുന്ന കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ചാറ്റ്‌ബോട്ട് അരീനയില്‍ ഈ രണ്ട് മോഡലുകളും മികച്ച 10ല്‍ ഇടം നേടി. ഗൂഗിള്‍ ജെമിനി മോഡല്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ആന്ത്രോപിക്‌സിന്റെ ക്ലൗഡിനേയും എലോണ്‍ മസ്‌കിന്റെ എക്‌സ് എഐയില്‍ നിന്നുള്ള ഗ്രോക്കിനെയും ഡീപ്സീക്ക് മറികടന്നു.
എട്ട് ബില്യണ്‍ ഡോളര്‍ ആസ്തികളുള്ള ഹെഡ്ജ് ഫണ്ട് മാനേജറായ ഹൈ-ഫ്‌ളയറിന്റെ എഐ ഗവേഷണ യൂണിറ്റില്‍ നിന്നാണ് ഡീപ്സീക്ക് വികസിപ്പിച്ചത്.
1985-ല്‍ ജനിച്ച ലിയാങ് ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലാണ് വളര്‍ന്നത്. ചൈനയിലെ പ്രശസ്തമായ സെജിയാങ് സര്‍വകലാശാലയില്‍ നിന്നും മെഷീന്‍ ലേണിംഗില്‍ വൈദഗ്ധ്യം നേടി. ബിരുദത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ലിയാങ് 2015-ല്‍ രണ്ട് കോളേജ് സുഹൃത്തുക്കളോടൊപ്പമാണ് ഹൈ-ഫ്‌ളയര്‍ സ്ഥാപിച്ചത്.
ലിയാങ്ങിനോട് അടുപ്പമുള്ള ആളുകള്‍ പറയുന്നതനുസരിച്ച് വ്യാപാരി എന്നതിലുപരി എഞ്ചിനീയറായി കരുതപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ചൈനയില്‍ കമ്പ്യൂട്ടറൈസ്ഡ് ട്രേഡിംഗില്‍ ആഴത്തിലുള്ള പഠനം പ്രയോഗിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഹൈ-ഫ്‌ളയര്‍ മികച്ചു നില്‍ക്കുന്നു. മനുഷ്യ മസ്തിഷ്‌കത്തെ മാതൃകയാക്കി രൂപകല്‍പ്പന ചെയ്ത ഈ സാങ്കേതികവിദ്യ കമ്പ്യൂട്ടറുകള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഡാറ്റ വിശകലനം ചെയ്യാന്‍ അനുവദിക്കുന്നു.
ഡീപ്സീക്കിന്റെ മുന്‍നിര മോഡല്‍ സൗജന്യമാണെങ്കിലും സ്വന്തം ആപ്ലിക്കേഷനുകള്‍ ഡീപ്സീക്കിന്റെ മോഡലിലേക്കും കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറിലേക്കും ബന്ധിപ്പിക്കുന്ന ഉപയോക്താക്കളില്‍ നിന്ന് കമ്പനി നിരക്ക് ഈടാക്കും.
സാമ്പത്തിക വരുമാനം പ്രവചിക്കാന്‍ ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനായ ആന്റണി പൂ സെപ്റ്റംബറില്‍ ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലില്‍ നിന്ന് തന്റെ കമ്പനി ഡീപ്സീക്കിലേക്ക് മാറിയെന്ന് അറിയിച്ചു. ചെലവിന്റെ നാലിലൊന്ന് ഭാഗത്തിന് ഡീപ്സീക്ക് സമാനമായ പ്രകടനം കാഴ്ചവച്ചതായി പരിശോധനകള്‍ തെളിയിച്ചു. ഓപ്പണ്‍എഐയുടെ മോഡലാണ് പ്രകടനത്തില്‍ ഏറ്റവും മികച്ചതെങ്കിലും ആവശ്യമില്ലാത്ത ശേഷികള്‍ക്ക് പണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൂ പറഞ്ഞു.
2019-ല്‍, ഹൈ-ഫ്‌ളയര്‍ എഐ ഗവേഷണത്തിനായി ചിപ്പുകളുടെ ഒരു ക്ലസ്റ്റര്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഭാഷാ മോഡലുകള്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഏകദേശം പതിനായിരം എന്‍വിഡിയ ഗ്രാഫിക്‌സ്- പ്രൊസസിംഗ് യൂണിറ്റുകളുടെ ക്ലസ്റ്റര്‍ പിന്നീട് നിര്‍മിച്ചതായി കമ്പനി പറഞ്ഞു.