ട്രംപിന്റെ നാടുകടത്തല്‍ പദ്ധതികള്‍ക്കിടയില്‍, ഇന്ത്യക്കാര്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നു

ട്രംപിന്റെ നാടുകടത്തല്‍ പദ്ധതികള്‍ക്കിടയില്‍,  ഇന്ത്യക്കാര്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നു


വാഷിംഗ്ടണ്‍: ട്രംപ് അധികാരത്തില്‍ വന്നതോടെ വിദേശികള്‍ക്കിടയില്‍ ഭയവും ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്. അനധികൃതമായി അമേരിക്കയില്‍ തുടരുന്നവരെയും ചെറുതോ വലുതോ ആയ നിയമ ലംഘകരെയും അറസ്റ്റുചെയ്ത് നാടുകടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിനകം തന്നെ നൂറുകണക്കിനുപേര്‍ പിടിയിലായിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നാടുകടത്തപ്പെടുമെന്ന ഭീതിയിലാണ്. പഠനത്തിനിടെ ചെലവുകള്‍ക്ക് പണം കണ്ടെത്താനായി വിവിധ പാര്‍ട്ട് ടൈം ജോലികള്‍ എടുത്തിരുന്നവര്‍ ഭയംമൂലം ഇപ്പോള്‍ അത്തരം ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
യുഎസില്‍ അതിജീവിക്കാന്‍ അത്തരം ജോലികള്‍ പ്രധാനമാണെങ്കിലും, അമേരിക്കയിലെ  കോളേജില്‍ സീറ്റ് നേടുന്നതിനായി ഗണ്യമായ തുക വായ്പ എടുത്തതിനാല്‍ അവര്‍ക്ക് പാര്‍ട്ട് ടൈം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ട് തങ്ങളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 20 ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തന്നെ പുതിയ ഭരണകൂടം കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കുമെന്ന്  സൂചിപ്പിച്ചതിനാല്‍ പലരും പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എഫ്-1 വിസയില്‍ യുഎസില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ജോലി ചെയ്യാന്‍ കഴിയും, എന്നാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അവശ്യ ചെലവുകള്‍ക്കായി റെസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലും അതിലേറെയും കാമ്പസിന് പുറത്ത് ജോലി ചെയ്യുന്നു. എന്നാല്‍, തങ്ങളുടെ ഭാവി സംരക്ഷിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അത്തരം ജോലികള്‍ ഉപേക്ഷിക്കുകയാണ്.

കഫേകളിലും ഗ്യാസ് സ്റ്റേഷനുകളിലുമൊക്കെ മണിക്കൂറിന് ഏഴ് ഡോളര്‍ എന്ന ക്രമത്തില്‍ അഞ്ചു ആറും മണിക്കൂറൊക്കെ പാര്‍ട്ട് ടൈം ജോലിചെയ്തിരുന്നവര്‍ ഇപ്പോള്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നതായി ദുഖത്തോടെ പറഞ്ഞു.  

ഇതൊരു സുഖപ്രദമായ ക്രമീകരണമായിരുന്നെങ്കിലും, ഇമിഗ്രേഷന്‍ അധികാരികള്‍ അനധികൃത ജോലികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേട്ടതിനെ തുടര്‍ന്നാണ് ജോലി രാജിവെച്ചതെന്ന് ഇല്ലിനോയിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ പറഞ്ഞു..

അതുപോലെ, ന്യൂയോര്‍ക്കിലെ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിനിയായ നേഹയ്ക്കും സമാനമായ ആശങ്കകളുണ്ടായിരുന്നു.'ജോലിസ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് കേട്ടതിനാല്‍ താനും സുഹൃത്തുക്കളും തല്‍ക്കാലം ജോലി നിര്‍ത്താന്‍ തീരുമാനിച്ചു. ഇത് ബുദ്ധിമുട്ടാണ്, പക്ഷേ നാടുകടത്താനോ ഞങ്ങളുടെ സ്റ്റുഡന്റ് വിസ പദവി നഷ്ടപ്പെടാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഇവിടെ അയയ്ക്കാന്‍ എന്റെ മാതാപിതാക്കള്‍ ഇതിനകം തന്നെ വളരെയധികം ത്യാഗം ചെയ്തിട്ടുണ്ടെന്നും നേഹ പറഞ്ഞു.

തങ്ങളുടെ പാര്‍ട്ട് ടൈം ജോലികള്‍ പുനരാരംഭിക്കണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നിലവിലെ സാഹചര്യം വിലയിരുത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 അതിനിടെ യുഎസില്‍ നിന്ന് പുറത്താക്കുന്ന രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ ചര്‍ച്ചകള്‍ക്കിടയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അക്കാര്യം സ്ഥിരീകരിച്ചിരുന്നു.