മാര്‍ക്കോ റൂബിയോയ്ക്ക് പകരം സെനറ്റിലേക്ക് ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ ആഷ്‌ലി മൂഡിയെ നിയമിച്ചു

മാര്‍ക്കോ റൂബിയോയ്ക്ക് പകരം സെനറ്റിലേക്ക് ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ ആഷ്‌ലി മൂഡിയെ നിയമിച്ചു


ഫ്‌ളോറിഡ: ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ ആഷ്‌ലി മൂഡിയെ സെനറ്റിലേക്ക് നിയമിക്കുമെന്ന് സംസ്ഥാന ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിയുക്ത പ്രസിഡന്റ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത മാര്‍ക്കോ റൂബിയോയുടെ ഒഴിവിലേക്കാണ് ആഷ്‌ലിമൂഡിക്ക് നിയമനം.

'ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്, വാഷിംഗ്ടണ്‍ ഡി.സി. അമേരിക്കന്‍ ജനതയ്ക്ക് ഫലങ്ങള്‍ നല്‍കാനുള്ള സമയമാണ്', ആഷ്‌ലിയുടെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് ഒര്‍ലാന്‍ഡോയ്ക്ക് സമീപം ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഡിസാന്റിസ് പറഞ്ഞു. 'റിപ്പബ്ലിക്കന്‍മാര്‍ക്ക് ഇനി ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 മുതല്‍ സെനറ്റില്‍ സേവനമനുഷ്ഠിച്ച റുബിയോയെ നിയക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. ട്രംപിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ചുമതലയേറ്റെടുത്ത റൂബിയോ ബുധനാഴ്ച തന്റെ സ്ഥിരീകരണ ഹിയറിംഗിനായി കാപ്പിറ്റോള്‍ ഹില്ലിലെത്തിയിരുന്നു.
രണ്ടുവര്‍ഷം കൂടി സെനറ്റില്‍ അവശേഷിക്കുന്നതിനിയിലാണ് റൂബിയോ സ്ഥാനം ഒഴിഞ്ഞത്. ഈ രണ്ട് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കേണ്ടത് പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആഷ്‌ലിയാണ്.
49 കാരിയായ ആഷ്‌ലി മൂഡി 2018 ലാണ് ഫ്‌ളോറിഡയുടെ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ് അവര്‍ ഫെഡറല്‍ പ്രോസിക്യൂട്ടറും സര്‍ക്യൂട്ട് കോടതി ജഡ്ജിയുമായിരുന്നു.

കോവിഡ്-19മായി ബന്ധപ്പെട്ട നിര്‍ബന്ധിത പ്രോട്ടോകോള്‍ നടപ്പാക്കല്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ അവര്‍ ഡിസാന്റിസുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ട്. 2021-ല്‍, ക്രൂസ് യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ ആവശ്യകതകളെക്കുറിച്ച് മൂഡി ഫെഡറല്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

2020 ലെ തിരഞ്ഞെടുപ്പിന് ശേഷം, ആ വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ വഞ്ചന ആരോപിച്ച റിപ്പബ്ലിക്കന്‍മാരുടെ കൂട്ടത്തില്‍ മൂഡിയും ഉണ്ടായിരുന്നു. പ്രധാന യുദ്ധഭൂമിയിലെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങളെ വെല്ലുവിളിച്ച ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റന്റെ കേസില്‍ കക്ഷിചേര്‍ന്നു. കേസ് പിന്നീട് സുപ്രീം കോടതി തള്ളി.

സമ്പദ് വ്യവസ്ഥ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്‍ഗണനകളില്‍ 'വീണ്ടും വീണ്ടും ശക്തമായി നിലകൊണ്ട പൊതുപ്രവര്‍ത്തകയാണ് ആഷ്‌ലി മൂഡിയെന്ന് ' ഡിസാന്റിസ്  പ്രശംസിച്ചു. അതിര്‍ത്തി നയത്തില്‍, പ്രത്യേകിച്ച് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍, ബൈഡന്‍ ഭരണകൂടത്തിനെതിരായ അവരുടെ നടപടികള്‍ ശ്രദ്ധേയമാിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റര്‍ എന്ന നിലയില്‍, അരാജകത്വത്തിനും ക്രമസമാധാനത്തിനും ഇടയില്‍, സുരക്ഷയ്ക്കും കുറ്റകൃത്യത്തിനും ഇടയില്‍ നില്‍ക്കുന്നവര്‍ക്കായി താന്‍ പ്രവര്‍ത്തിക്കുമെന്ന് മൂഡി പറഞ്ഞു.

മൂഡിയുടെ അറ്റോര്‍ണി ജനറല്‍ തസ്തികയിലേക്ക് തന്റെ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ഉസ്‌മേയറെ നിയമിക്കുമെന്ന് ഡിസാന്റിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.