വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പേസ് എക്സ് ഉടമയും വ്യവസായിയുമായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കും തമ്മിലെ അകല്‍ച്ച കൂടുതല്‍ പ്രകടമാകുന്നു.
ഇലോണ്‍ മസ്കിന്റെ സുഹൃത്തിനെ നാസയുടെ തലപ്പത്ത് നിയമിക്കാനുള്ള നടപടി ട്രംപ് പിന്‍വലിച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദം കൂടുതല്‍ തകര്‍ച്ചയിലേക്ക് എത്തിയതായി വിലയിരുത്തപ്പെടുന്നത്.
മസ്കിന്റെ സുഹൃത്തായ ടെക് വ്യവസായി ജാരെഡ് ഐസക്മാന്റെ നാമനിര്‍ദേശമാണ് ട്രംപ് പിന്‍വലിച്ചത്. സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ ചുമതല മസ്ക് ഒഴിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.
ഐസക്മാന്റെ മുന്‍ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ ബഹിരാകാശത്ത് ഒന്നാമതെത്തിക്കുന്ന ദൗത്യത്തെ നയിക്കാനുള്ള പുതിയ നോമിനിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. യു.എസ് സെനറ്റിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നാമനിര്‍ദേശം പിന്‍വലിക്കുന്നത്. അതേസമയം, ട്രംപിന്റെ തീരുമാനത്തില്‍ മസ്ക് നിരാശ പ്രകടിപ്പിച്ചു.
ഫെഡറല്‍ ഗവണ്മെന്റില് മുന്‍പരിചയമില്ലാത്ത ശതകോടീശ്വരനായ സംരംഭകന് ജാരെഡ് ഐസക്മാനെ നാസ അഡ്മിനിസ്ട്രേറ്ററായി നാമനിര്‍ദ്ദേശം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി രണ്ടാംതവണയും പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് ഡിസംബറിലാണ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നത്. ഐസക്മാന് സ്വന്തം ചെലവില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി രണ്ടുതവണ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.
ഇലോണ്‍ മസ്കിന്റെ സുഹൃത്തിനെ നാസയുടെ തലപ്പത്ത് നിയമിക്കാനുള്ള നടപടി പിന്‍വലിച്ച് ട്രംപ്
