ഫൊക്കാന സ്ഥാപക പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു

ഫൊക്കാന സ്ഥാപക  പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു


ഷിക്കാഗോ : ഫൊക്കാന സ്ഥാപക  പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയാണ്.

നോര്‍ക്ക, മാതൃഭൂമി എന്നിവയുടെ  ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

ചേര്‍ത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കള്‍ ഡോ. അനൂപും അരുണും. അരുണ്‍ അച്ഛനൊപ്പം ബിസിനസില്‍ പങ്കാളിയാണ്.  
ഓച്ചിറ സ്വദേശിയായ അനിരുദ്ധന്‍ കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി . രസതന്ത്രത്തില്‍ ഗവേഷണത്തിനായാണ് 1973ല്‍ അമേരിക്കയിലെത്തിയത് . ടെക്‌സസിലെ എ. ആന്‍ഡ് എം. സര്‍വകലാശാലയില്‍ ആണവ രസതന്ത്രം (ന്യൂക്ലിയര്‍ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യന്‍ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി. എടുത്തു.

തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്‍ഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വര്‍ഷം സേവനം നടത്തി. കുട്ടികള്‍ക്കായുള്ള പോഷകങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഏറെ വര്‍ഷം ഗവേഷണം നടത്തി. പിന്നീടാണ് സ്വന്തമായി വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കുന്നത്.

സാന്‍ഡോസിന് വേണ്ടി, അമേരിക്കയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ഉത്പന്നം ഐസോ സ്റ്റാര്‍ വികസിപ്പിച്ചെടുത്തത് അനിരുദ്ധന്‍ അടങ്ങുന്ന സംഘമായിരുന്നു.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1983ല്‍ കെ.ആര്‍. നാരായണന്‍ അംബാസഡറായിരിക്കെ, അദ്ദേഹത്തിന്റെ സഹായത്തോടെ വടക്കന്‍ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ 'ഫൊക്കാന'യ്ക്ക് രൂപം നല്‍കിയത് ഡോ. അനിരുദ്ധനാണ്. രണ്ട് പതിറ്റാണ്ടോളം നേതൃനിരയില്‍ തുടര്‍ന്നു.  

നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കണ്‍സല്‍ട്ടന്റായിരുന്ന അദ്ദേഹം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ.) ഫുഡ് ലേബല്‍ റെഗുലേറ്ററി കമ്മിറ്റിയില്‍ അംഗമായിരുന്നു. യു.എസ്.എ.യിലെ നാഷണല്‍ ഫുഡ് പ്രൊസസേഴ്‌സ് അസോസിയേഷന്‍ മികച്ച ആര്‍. ആന്‍ഡ് ഡി. ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ഡോ. അനിരുദ്ധന്റെ ആകസ്മികമായ വേര്‍പാടില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷറര്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ അനുശോചിച്ചു .

ഫൊക്കാന സ്ഥാപക  പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധന്‍ അന്തരിച്ചു