ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രളയം. കനത്ത മഴയെ തുടർന്നാണ് പഞ്ചാബ് പ്രവിശ്യയിലെ മിക്ക ജില്ലകളിലും പ്രളയസമാനമായ സാഹചര്യം നിലനിൽക്കുകയാണെന്ന് പാകിസ്താൻ വാട്ടർ സാനിറ്റേഷൻ ഏജൻസി വ്യക്തമാക്കി. പ്രളയത്തെ തുടർന്ന് വിവിധ ജില്ലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി. 90 പേർക്ക് പരിക്കേറ്റു. ജൂലൈ 17 വരെ പാകിസ്താനിൽ മഴ തുടരുമെന്നാണ് പാകിസ്താൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കനത്ത മഴയെ തുടർന്ന് റാവൽപിണ്ടി, ചക്വാൽ എന്നിവിടങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകയായണെന്ന് പഞ്ചാബ് വാട്ടർ ആൻഡ് സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് തലവൻ ത്വയ്യിബ് ഫാരിദ് പറഞ്ഞു.
പഞ്ചാബിലെ ചക്വാലിൽ 400 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇതാണ് പ്രളയത്തിന് കാരണമായത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 1122 പേരെയാണ് കനത്തമഴയുടേയും പ്രളയത്തിന്റേയും ഭാഗമായി മാറ്റിപ്പാർപ്പിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രളയം; 28 മരണം
