നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ആവശ്യം തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി

നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ആവശ്യം തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി


ദഹേഗ്: നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ആവശ്യം തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ യുദ്ധത്തിന്റെ പേരിലായിരുന്നു കോടതി നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഇത് പിൻവലിക്കണമെന്നാണ് നെതന്യാഹു അഭ്യർഥിച്ചത്.

ഗാസയിൽ ആയിരങ്ങളുടെ കുരുതിയും ആശുപത്രി സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തുള്ള യുദ്ധകുറ്റങ്ങളും മുൻനിർത്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഐ.സി.സി പ്രീട്രയൽ ചേംബർ ഒന്നിലെ മൂന്ന് ജഡ്ജിമാർ ഒറ്റക്കെട്ടായാണ് വാറണ്ട് കൈമാറാൻ തീരുമാനിച്ചത്. ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാൻ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഹമാസ് നേതാവ് മുഹമ്മദ് ദഈഫിനും അറസ്റ്റ് വാറണ്ടുണ്ട്. ദഈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്രായേൽ അറിയിച്ചിരുന്നു. ഗാസ നിവാസികൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങൾക്ക് ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചു.

ആസൂത്രിത അതിക്രമങ്ങളും കൂട്ടക്കുരുതികളുമാണ് നെതന്യാഹുവും യോവ് ഗാലന്റും ഗാസയിൽ നടപ്പാക്കിയതെന്നും വിലയിരുത്തിയാണ് കോടതി നടപടി. ഐസിസി അംഗ രാജ്യങ്ങളിൽ ഇസ്രായേൽ നേതാക്കൾ എത്തിയാൽ അറസ്റ്റ് അനിവാര്യമാകും. തുടർന്ന് ഹേഗിലെ ഐസിസി ആസ്ഥാനത്ത് ഇവരെ വിചാരണ വിധേയമാക്കണം എന്നാണ് ചട്ടം.

എന്നാൽ ഇസ്രായേലും അമേരിക്കയും കോടതിയെ അംഗീകരിക്കാത്ത സാഹചര്യത്തിൽ തുടർ നടപടികൾ എളുപ്പമാകില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.