വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചര്‍ച്ചകളുമായി മാധ്യമങ്ങള്‍. 2028 നവംബറിലാണ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെയായിരിക്കുമെന്ന് ചില മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്.
കൗതുകകരമായ കാര്യം 2028ലെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ മാധ്യമങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നതാണ്. എന്നാല്‍ കമലാ ഹാരിസ് ഈ പട്ടികയിലെ മുന്‍നിരക്കാരിയായിരിക്കുമെന്ന കാര്യത്തില്‍ പൊതുവെ സംശയങ്ങളില്ലെന്നതാണ് രസകരം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി നിലവിലുള്ള വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സായിരിക്കുമെന്നാണ് 46 ശതമാനം പേര്‍ പറയുന്നത്. ഫളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസിനെ എട്ട് ശതമാനവും വിവേക് രാമസ്വാമിയെ ഏഴ് ശതമാനവും മാര്‍ക്കോ റൂബിയോയെ ആറു ശതമാനവും പിന്തുണക്കുന്നുണ്ട്.
മറ്റൊരു സര്‍വേയിലും വാന്‍സ് 43 ശതമാനം വോട്ടുകള്‍ നേടി മുന്‍നിരയിലുണ്ട്.
എന്നാല്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നിരിക്കെ ഇപ്പോള്‍ നടക്കുന്ന സര്‍വേയെ കാര്യമായി പരിഗണിക്കേണ്ടതില്ലെന്നതാണ് പൊതുവെയുള്ള നിലപാട്. വരും വര്‍ഷങ്ങളില്‍ യു എസ് രാഷ്ട്രീയത്തിലും കാഴ്ചപ്പാടുകളിലും പല മാറ്റങ്ങളും വന്നേക്കാമെന്നും ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ പാര്‍ട്ടി രംഗത്തുണ്ടാകാമെന്നും അവയുടെ സ്വാധീനം എന്തായിരിക്കുമെന്നും അഭിപ്രായങ്ങളുണ്ട്.
താന്‍ വീണ്ടും മത്സരിക്കുമെന്ന് നേരത്തെ തന്നെ ട്രംപ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റാകാന്‍ യു എസ് ഭരണഘടന അനുവദിക്കുന്നില്ലെന്നും പറയപ്പെടുന്നുണ്ട്.
