കൊളറാഡോ: ഹമാസിന്റെ കയ്യിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്ന് കൊളറാഡോയിലെ ബൗള്‍ഡേഴ്‌സ് പേള്‍ സ്ട്രീറ്റ് മാളില്‍ ഇസ്രയേല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് കരുതുന്നയാളെ പോലീസ് പടികൂടിയിട്ടുണ്ട്.
13ാം സ്ട്രീറ്റിലും പേള്‍ സ്ട്രീറ്റിലും ഞായറാഴ്ച ഉച്ചയ്ക്ക് 1:26 നാണ് അക്രമാസക്തമായ സംഭവം ഉണ്ടായത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹമാസിന്റെ കയ്യിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഇസ്രയേല്‍ അനുകൂല മാര്‍ച്ചിനിടയാണ് അക്രമം അരങ്ങേറിയത്. ഒരു വ്യക്തി നിരവധി പേര്‍ക്ക് തീ വയ്ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീപിടിക്കുന്ന ദ്രാവകം നിറച്ച കുപ്പികള്‍ (മോളോടോള്‍ കോക്ക്‌ടെയില്‍സ് ) അക്രമി ആളുകള്‍ക്ക് നേരെ എറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രദേശം പൊലീസ് ഒഴിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനായും വാള്‍നട്ടിനും പൈനും ഇടയിലുള്ള പേള്‍ സ്ട്രീറ്റിലെ 1200, 1300, 1400 ബ്ലോക്കുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് ബൗള്‍ഡര്‍ പോലീസ് പറഞ്ഞു.
സ്ഥലം ഇതുവരെ സുരക്ഷിതമല്ലെന്നും സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈകുന്നേരം 4 മണിക്ക് നടന്ന പത്രസമ്മേളനത്തില്‍, അധികൃതര്‍ പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.
കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിനുനേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്; അക്രമി പിടിയില്‍
