ടിപിയുഎസ്എ സമ്മേളനത്തിൽ ബോംബ് ഭീഷണി; ടെക്‌സസ് സ്വദേശി അറസ്റ്റിൽ

ടിപിയുഎസ്എ സമ്മേളനത്തിൽ ബോംബ് ഭീഷണി; ടെക്‌സസ് സ്വദേശി അറസ്റ്റിൽ


ടെക്‌സസ്: അമേരിക്കൻ യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എ (TPUSA) സംഘടിപ്പിക്കുന്ന വനിതാ നേതൃസമ്മേളനത്തിന് നേരെ ബോംബ് ഭീഷണി മുഴക്കിയെന്നാരോപിച്ച് ടെക്‌സസ് സ്വദേശിക്കെതിരെ കേസ്. 26കാരനായ ജേക്കബ് വെൻസ്‌കിക്കെതിരെയാണ് ഭീകര ഭീഷണി മുഴക്കിയെന്ന കുറ്റം ചുമത്തിയത്. സംഘടനയുടെ സിഇഒ എറിക്ക കിർക്കിനെയും പരിപാടിയെയും ലക്ഷ്യമിട്ടായിരുന്നു ഭീഷണിസന്ദേശങ്ങളെന്ന് അന്വേഷണ സംഘം അറിയിച്ചു.

ജൂൺ 5 മുതൽ 7 വരെ സാൻ ആന്റോണിയോയിൽ നടക്കുന്ന ടേണിംഗ് പോയിന്റ് യുഎസ്എ  വിമൻസ് ലീഡർഷിപ്പ് സമ്മിറ്റിന്റെ ഫെയ്‌സ്ബുക്ക് പ്രചാരണ പോസ്റ്റിന് കീഴിലായിരുന്നു വെൻസ്‌കിയുടെ ഭീഷണി സന്ദേശങ്ങൾ. 'എവിടെ ബോംബിടണമെന്ന് എനിക്ക് കൃത്യമായി അറിയാം' എന്നായിരുന്നു ഒരു കുറിപ്പ്. പിന്നാലെ 'എറിക്ക കിർക്കും എല്ലാ പ്രസംഗകരും മരിക്കണം' എന്നടക്കമുള്ള ഭീഷണിയുള്ള ഇമെയിലും ഇയാൾ അയച്ചതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയതായി ടേണിംഗ് പോയിന്റ് യുഎസ്എ  അറിയിച്ചു. 'പങ്കെടുക്കുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാന്യം. സ്വകാര്യ സുരക്ഷാസേനയും പ്രാദേശിക പൊലീസും ചേർന്നാണ് കർശന സുരക്ഷ ഒരുക്കുന്നത്,' സംഘടനാ വക്താവ് മാറ്റ് ഷൂപ്പ് വ്യക്തമാക്കി. ഭീഷണികൾ കാരണം പരിപാടി റദ്ദാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ മുൻ നേതാവും എറിക്ക കിർക്കിന്റെ ഭർത്താവുമായ ചാർലി കിർക്ക് കഴിഞ്ഞ വർഷം യൂട്ടായിൽ നടന്ന പരിപാടിക്കിടെ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം സംഘടനയുടെ ചുമതല ഏറ്റെടുത്ത എറിക്കയ്ക്ക് നേരെ നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ ജോർജിയ സർവകലാശാലയിൽ നടക്കാനിരുന്ന ടേണിംഗ് പോയിന്റ് യുഎസ്എ   പരിപാടിയും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു.