വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ 250 ഡോളർ നോട്ടിറക്കാനുള്ള നിർദേശത്തെ ചുറ്റിപ്പറ്റി അമേരിക്കയിൽ പുതിയ രാഷ്ട്രീയ വിവാദം. നിർദേശം നിയമമായി മാറിയാൽ ജീവനോടെയുള്ള ഒരു പ്രസിഡന്റിന്റെ ചിത്രം അമേരിക്കൻ കറൻസിയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ സംഭവമാകും ഇത്. കഴിഞ്ഞ 150 വർഷത്തിനിടെ ഇതാദ്യമായിരിക്കും അത്തരമൊരു മാറ്റം.
അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കാനാണ് പ്രത്യേക 250 ഡോളർ നോട്ട് ആലോചിക്കുന്നത്. 'അമേരിക്ക 250 ആനിവേഴ്‌സറി' എന്ന അടിക്കുറിപ്പോടെയായിരിക്കും നോട്ട് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സകോട്ട് ബെസന്റ് വ്യക്തമാക്കി.
'അമേരിക്കയുടെ 250ാം വാർഷിക നോട്ടിൽ നിലവിലെ പ്രസിഡന്റിന്റെ ചിത്രം ഉൾപ്പെടുന്നതിൽ അസാധാരണത്വമില്ല' എന്നായിരുന്നു ബെസന്റിന്റെ പ്രതികരണം. എന്നാൽ നിലവിലെ അമേരിക്കൻ നിയമപ്രകാരം ജീവനോടെയുള്ള വ്യക്തികളുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. അതിനാൽ നിയമഭേദഗതി വേണമെന്നതാണ് ട്രംപ് അനുകൂലികളുടെ ആവശ്യം.
ട്രംപ് നിയമിച്ച ചില ട്രഷറി ഉദ്യോഗസ്ഥർ ഇതിനായുള്ള മാതൃകാ ഡിസൈനുകൾ തയ്യാറാക്കാൻ ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്റിംഗിനോട് ആവശ്യപ്പെട്ടിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ ചില ഉദ്യോഗസ്ഥർ നിയമപരമായ ആശങ്കയും ഉയർത്തിയിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ പേരും ചിത്രവും വിവിധ സർക്കാർ പദ്ധതികളിലും സ്മാരക പദ്ധതികളിലും വ്യാപകമായി ഉപയോഗിക്കുന്നതിന്റെ തുടർച്ചയായാണ് പുതിയ നീക്കമെന്ന് വിമർശകർ ആരോപിക്കുന്നു. ഡെമോക്രാറ്റിക് നേതാക്കൾ ഇത് 'ട്രംപിന്റെ വ്യക്തിപ്രചാരണത്തിന്റെ ഭാഗം' എന്നാണ് വിശേഷിപ്പിച്ചത്.
250 ഡോളർ നോട്ടിൽ ട്രംപിന്റെ ചിത്രം?; അമേരിക്കയിൽ പുതിയ വിവാദം
