ഹോർമുസിൽ ടോൾ ഈടാക്കിയാൽ കടുത്ത ഉപരോധം; ഒമാന് അമേരിക്കയുടെ മുന്നറിയിപ്പ്

ഹോർമുസിൽ ടോൾ ഈടാക്കിയാൽ കടുത്ത ഉപരോധം; ഒമാന് അമേരിക്കയുടെ മുന്നറിയിപ്പ്


വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ടോൾ ഈടാക്കാനുള്ള ഏതെങ്കിലും നീക്കത്തിന് പിന്തുണ നൽകിയാൽ ഒമാനെതിരെ കടുത്ത ഉപരോധ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആണ് കടുത്ത മുന്നറിയിപ്പ് നൽകിയത്.

ഹോർമുസ് കടലിടുക്കിൽ ടോൾ സംവിധാനം ഏർപ്പെടുത്താനുള്ള ഇറാനുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കാണ് അമേരിക്കയുടെ എതിർപ്പ്. 'ടോൾ സംവിധാനത്തിന് നേരിട്ടോ പരോക്ഷമായോ സഹായം ചെയ്യുന്നവരെയും സഹകരിക്കുന്നവരെയും യു.എസ് ട്രഷറി ശക്തമായി ലക്ഷ്യമിടും,' എന്ന് ബെസന്റ് എക്‌സിൽ കുറിച്ചു.

പിന്നീട് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ഒമാൻ അംബാസഡറുമായി സംസാരിച്ചതായും ഹോർമുസിൽ ടോൾ ഏർപ്പെടുത്താനുള്ള പദ്ധതി ഇല്ലെന്ന ഉറപ്പ് ലഭിച്ചതായും ബെസന്റ് വ്യക്തമാക്കി. 'ഇത്തരം നീക്കം അംഗീകരിക്കാനാവില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്,' എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ എണ്ണവാതക ഗതാഗതത്തിന്റെ ഏകദേശം അഞ്ചിൽ ഒന്ന് കടന്നുപോകുന്ന പ്രധാന കടൽപാതയാണ് ഹോർമൂസ് കടലിടുക്ക്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരുന്നു. കപ്പൽ ഗതാഗതത്തെയും ആഗോള എണ്ണവിലയെയും സംഘർഷം ബാധിച്ചു.

ഇതിനിടെ, ഹോർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ രൂപീകരിച്ച ഇറാന്റെ 'പേർഷ്യൻ ഗൾഫ് സ്‌ട്രെയ്റ്റ്  അതോറിറ്റി'ക്കെതിരെ അമേരിക്ക പുതിയ ഉപരോധവും പ്രഖ്യാപിച്ചു. ഈ ഫീസ് അടയ്ക്കുന്ന സ്ഥാപനങ്ങൾക്കും ഉപരോധ ഭീഷണിയുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകി.

അതേസമയം, വെടിനിർത്തൽ ലംഘിച്ചതായി അമേരിക്കയും ഇറാനും പരസ്പരം ആരോപിച്ചു. സമാധാന ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ നിർണായക പുരോഗതി ഉണ്ടായിട്ടില്ല.