കെനിയൻ സ്‌കൂൾ ഹോസ്റ്റലിൽ തീപിടിത്തം; 16 വിദ്യാർത്ഥിനികൾ മരിച്ചു

കെനിയൻ സ്‌കൂൾ ഹോസ്റ്റലിൽ തീപിടിത്തം; 16 വിദ്യാർത്ഥിനികൾ മരിച്ചു


നായ്രോബി: കെനിയയിലെ റിഫ്റ്റ് വാലി മേഖലയിലെ പെൺകുട്ടികളുടെ സ്‌കൂൾ ഹോസ്റ്റലിലുണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർത്ഥിനികൾ മരിച്ചു. 79 പേർക്ക് പരിക്കേറ്റതായി സർക്കാർ അറിയിച്ചു. ഇവരിൽ ഭൂരിഭാഗം പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

പടിഞ്ഞാറൻ കെനിയയിലെ ഗിൽഗിൽ പട്ടണത്തിലുള്ള ഉതുമിഷി ഗേൾസ് അക്കാദമി സീനിയർ സ്‌കൂളിലായിരുന്നു ദുരന്തം. അർധരാത്രിക്ക് ശേഷമാണ് ഹോസ്റ്റലിൽ തീപിടിത്തമുണ്ടായത്. രണ്ട് മണിക്കൂറിലേറെ തീ ആളിക്കത്തിയതായി വിദ്യാഭ്യാസമന്ത്രി ജൂലിയസ് മിഗോസ് പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ സ്‌കൂൾ പരിസരത്ത് ആശങ്കയുടെയും കണ്ണീരിന്റെയും കാഴ്ചകളായിരുന്നു. മക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടി രക്ഷിതാക്കൾ സ്‌കൂൾ ഗേറ്റിന് മുന്നിൽ ഒത്തുകൂടി. ടെലിവിഷൻ ദൃശ്യങ്ങളിൽ കത്തിനശിച്ച മുറികളും പുകമങ്ങിയ മതിലുകളും കാണാമായിരുന്നു.

കെനിയയിലെ സ്‌കൂളുകളിൽ തീപിടിത്തം പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2024ൽ മാത്രം നൂറിലധികം സ്‌കൂൾ തീപിടിത്തങ്ങളാണ് രേഖപ്പെടുത്തിയതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. കർശന ശിക്ഷാനടപടികൾക്കും മോശം സാഹചര്യങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ തന്നെ തീ വെക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ന്യേരി കൗണ്ടിയിലെ ഒരു ബോർഡിങ് സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 21 വിദ്യാർത്ഥികൾ മരിച്ചിരുന്നു. 2001ൽ നായ്രോബിക്ക് സമീപത്തെ ക്യാംഗുലി സെക്കൻഡറി സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 67 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് കെനിയയെ നടുക്കിയ വലിയ ദുരന്തങ്ങളിലൊന്നായിരുന്നു.