ഭീകരവാദത്തിന് ഇരട്ടനിലപാട് പാടില്ല; മോസ്‌കോ വേദിയിൽ അജിത് ഡോവലിന്റെ മുന്നറിയിപ്പ്

ഭീകരവാദത്തിന് ഇരട്ടനിലപാട് പാടില്ല; മോസ്‌കോ വേദിയിൽ അജിത് ഡോവലിന്റെ മുന്നറിയിപ്പ്


മോസ്‌കോ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോക രാജ്യങ്ങൾ ഇരട്ടനിലപാട് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ സഹിക്കാനാവില്ലെന്നും ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഡോവലിന്റെ പരാമർശം.

റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർഗെയ് ഷോയിഗുവിന്റെ അധ്യക്ഷതയിൽ നടന്ന സുരക്ഷാ പ്രതിനിധികളുടെ 14ാമത് യോഗത്തിലാണ് ഡോവൽ സംസാരിച്ചത്. 'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഇടമില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പിന്തുണക്കണമോ അതിനെ ശക്തമായി ചെറുക്കണമോയെന്ന് രാജ്യങ്ങൾ തീരുമാനിക്കണം,' ഡോവൽ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട ആഗോള സ്ഥാപനങ്ങളിൽ അടിയന്തര പരിഷ്‌കാരങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ലോക സാഹചര്യങ്ങൾക്കനുസരിച്ച് സംവിധാനങ്ങൾ മാറണമെന്നും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കണമെന്നും ഡോവൽ ചൂണ്ടിക്കാട്ടി.

പശ്ചമേഷ്യയിലെ സംഘർഷാവസ്ഥയും അദ്ദേഹം പരാമർശിച്ചു. ഹോർമുസ് കടലിടുക്കും ചെങ്കടലും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കടൽപാതകളിലൂടെ വ്യാപാര ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ഇത് ബാധിക്കുമെന്ന മുന്നറിയിപ്പും ഡോവൽ നൽകി.

സമ്മേളനത്തിനിടെ റഷ്യൻ സുരക്ഷാ മേധാവി ഷോയിഗുവുമായി ഡോവൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സുരക്ഷ, ഊർജം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനുള്ള ഒരുക്കങ്ങളും ഇരുവരും വിലയിരുത്തി.