യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്കുള്ള 'ഔട്ട്‌സോഴ്‌സിങ്' നിര്‍ത്തലാക്കാന്‍ നീക്കം

യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്കുള്ള 'ഔട്ട്‌സോഴ്‌സിങ്' നിര്‍ത്തലാക്കാന്‍ നീക്കം


വാഷിംഗ്ടന്‍ : ഇന്ത്യയുമായി താരിഫ് യുദ്ധം രൂക്ഷമാക്കുന്നതിനിടയില്‍ ഐ.ടി മേഖലയില്‍ ഇന്ത്യയ്‌ക്കെതിരെ ട്രംപ് പുതിയ പണി ആസൂത്രണംചെയ്യുന്നതായി റിപ്പോര്‍ട്ട്.  യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന 'ഔട്ട്‌സോഴ്‌സിങ്' നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും.  യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ വലിയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് സൂചന.

 അതേസമയം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സ്രമങ്ങളും ഊര്‍ജ്ജിതമാണെന്ന് റിപ്പോര്‍ട്ടുണ്ട്. മോഡിയും ട്രംപും ടെലിഫോണ്‍ സംഭാഷണം നടത്തുന്നത് പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രം പ്രധാനമന്ത്രി യുഎസിലേക്ക് യാത്ര ചെയ്യും. ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞെന്ന പ്രസ്താവന കഴിഞ്ഞദിവസം ട്രംപ് തിരുത്തിയിരുന്നു. ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ സവിശേഷ ബന്ധം എന്ന് ട്രംപ് പറഞ്ഞതിനെ നരേന്ദ്ര മോഡി സ്വാഗതം ചെയ്തതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകാനുള്ള സാധ്യതയും കൂടിയിട്ടുണ്ട്. അമേരിക്കയുമായുള്ള ആശയവിനിമയം നടക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിശദീകരച്ചു. ട്രംപ് ഇതേ നിലപാട് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നടന്നേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

'മോഡിയുമായി എനിക്ക് നല്ല ബന്ധമാണ്. മോഡി മഹാനായ നേതാവാണ്. മഹാനായ പ്രധാനമന്ത്രിയാണ്. ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സവിശേഷ ബന്ധമുണ്ട്. ഇതൊക്കെ പരിഹരിക്കും.' ആശങ്ക വേണ്ടെന്നായിരുന്നു എന്നാണ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍. 'പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രിക്ക് നല്ല ബന്ധമാണുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ആശയവിനിമയമുണ്ട്. ഇപ്പോള്‍ ഇത്രയേ പറയാന്‍ കഴിയുകയുള്ളു' എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.