'ഇന്ത്യ-യുഎസ് ബന്ധത്തെ അപകടസന്ധിയിലാക്കി ട്രംപ്'

'ഇന്ത്യ-യുഎസ് ബന്ധത്തെ അപകടസന്ധിയിലാക്കി ട്രംപ്'


യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് 25% ശിക്ഷാ തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള 25% താരിഫിന് പുറമേയാണിത്. അതായത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അമേരിക്കയ്ക്ക് 50% നികുതിനല്‍കേണ്ടിവരുന്ന ഭയാനകമായ ഒരു സാഹചര്യമാണ് ട്രംപ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. 
ഇന്ത്യ-യുഎസ് ബന്ധം സമീപ വര്‍ഷങ്ങളില്‍ സൗഹൃദ പരവും ഊഷ്മളവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലെ സ്‌നേഹവും ചങ്ങാത്തവും ശ്രദ്ധേയവുമായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ട്രംപ് എന്തുകൊണ്ടാണ് ഇന്ത്യയോട് ഇത്രയും തീവ്രമായ പ്രതികാരബുദ്ധിയോടെ പെരുമാറുന്നത് എന്ന ചോദ്യം എല്ലാവരെയും ഒരുപോലെ അമ്പരപ്പിക്കുന്നതാണ്. 

യുക്രെയ്‌നില്‍ ഒഴുകുന്ന മനുഷ്യ രക്തവും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണയും തമ്മില്‍ ബന്ധപ്പെട്ടതാണ് ഇതെല്ലാം എന്നതാണ് ലളിതമായ ഒരു ഉത്തരം. 2023 ജനുവരി മുതല്‍ 2025 ജൂലൈ വരെ ഇന്ത്യ റഷ്യയില്‍ നിന്ന് 119.3 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് വാങ്ങിയിട്ടുള്ളത്. ഇപ്പോഴും അത് തുടരുകയാണ്.സമീപകാലത്തൊന്നും അത് നിര്‍ത്തുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ ഉക്രെയ്‌നിനെതിരെ യുദ്ധം ചെയ്യാന്‍ വഌഡിമിര്‍ പുടിനെ പ്രാപ്തനാക്കുന്നത് ഇന്ത്യയാണ് എന്നതാണ് ട്രംപിന്റെ വീക്ഷണം.

 റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈനയാണ്, കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 158.7 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് ചൈന വാങ്ങിക്കൂട്ടിയിട്ടുള്ളത്. എണ്ണ വാങ്ങുന്നതിനു പകരമായി റഷ്യയ്ക്ക് ഇന്ത്യ നല്‍കിയ 119.3 ബില്യന്‍ ഡോളറിനെക്കാല്‍ 39.4 ബില്യണ്‍ ഡോളര്‍ അധികമാണ് ചൈന ചെലവഴിച്ചിട്ടുള്ളത്. 
എന്നിട്ടും റഷ്യയുമായി ബന്ധപ്പെട്ട വ്യാപരത്തി്ല്‍ ട്രംപ് ആക്രമിക്കുന്നത് ചൈനയെയല്ല എന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇന്ത്യയെ തകര്‍ക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ നടപടികള്‍ നല്‍കുന്ന സൂചന. വ്യാപാര യുദ്ധത്തിന്റെ ഒരു ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയാണിത്. ഇന്ത്യയ്ക്കുപുറമെ സൗഹൃദ രാഷ്ട്രങ്ങളും അയല്‍ക്കാരുമായ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെയും, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടും സമാനമായ പ്രതികാരബുദ്ധിയോടെയാണ് ട്രംപ് പെരുമാറിയിട്ടുള്ളത്. മിക്ക യുഎസ് എതിരാളികളോടും അദ്ദേഹം ചെയ്തതുവെച്ചു നോക്കുമ്പോള്‍ അതിനെക്കാളൊക്കെ ഏറെ ആക്രമണാത്മകമാണിത്.

ഊര്‍ജ്ജക്ഷാമം അനുഭവിക്കുന്ന ഇന്ത്യ അതിന്റെ എണ്ണ ആവശ്യത്തിന്റെ 85% വും ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോള്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയുടെ 45% വും റഷ്യയില്‍ നിന്നാണ്. കാരണം: റഷ്യന്‍ എണ്ണയ്ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വിലകുറവാണ്. യുക്രെനുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യ അതിനുള്ള പണം കണ്ടെത്തുന്നത് എണ്ണ വില്പനയില്‍ നിന്നായതിനാല്‍ അതിനു തടയിടാന്‍ പാശ്ചാത്യലോകം പുടിന്റെ ക്രൂഡിന് വില പരിധിയും ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പരിധികള്‍ റഷ്യന്‍ എണ്ണയെ പുടിനുമായി ബിസിനസ്സ് ചെയ്യാന്‍ മടിക്കാത്ത രാജ്യങ്ങള്‍ക്ക് ആകര്‍ഷകമായി. ശീതയുദ്ധകാലം മുതല്‍ മോസ്‌കോയുമായി ചരിത്രപരമായ ബന്ധമുള്ള ഇന്ത്യയും അക്കൂട്ടത്തിലുണ്ട്.

ട്രംപിനോട് ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ട്രംപിന് കീഴടങ്ങുകയോ ധിക്കരിക്കുകയോ ചെയ്താല്‍ സംഭവിക്കുന്ന സാമ്പത്തിക മൂല്യം മാത്രമല്ല പ്രധാനം, ഇന്ത്യയെ ഒരു മയവുമില്ലാതെ ഭീഷണിപ്പെടുത്തുന്നയാളായി കാണപ്പെടുന്ന ഒരു വ്യക്തിക്ക് കീഴടങ്ങുന്നത് ദേശീയ അന്തസ്സിന്റെ മൂല്യം കൂടി നഷ്ടപ്പെടുത്തുമെന്നാകും ന്യൂഡല്‍ഹി കണക്കാക്കുക. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും പാശ്ചാത്യ ലോകത്തില്‍ നിന്ന് ആജ്ഞകള്‍ വരുന്നത് ഇന്ത്യയെ സംബന്ധിച്ച് അംഗീകരിക്കാനാവാത്തതാണ്. കൊളോണിയല്‍ അനന്തര ഹാംഗ് ഓവര്‍ എന്ന് വിളിക്കാവുന്ന ഇത്തരം ആജ്ഞകളെ വെറുപ്പോടെ തള്ളിക്കളയുകയാണ് ഇന്ത്യ. 

നികുതിഭാരം 50% വര്‍ധിക്കുന്നതിലൂടെ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി കുറയുമെന്നത് ഉറപ്പാണ്.  റഷ്യന്‍ എണ്ണ ഉപേക്ഷിക്കുകയും യുദ്ധക്കൊതിയന്മാരല്ലാത്ത വില്‍പ്പനക്കാരില്‍ നിന്ന് വിലകൂടിയ ക്രൂഡ് ഓയില്‍ വാങ്ങുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്ടം യുഎസിലേക്കുള്ള കയറ്റുമതി നിലയ്ക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തെക്കാള്‍ അധികമായിരിക്കുമോ?  ഓപ്പണ്‍മാര്‍ക്കറ്റില്‍നിന്നുള്ള ക്രൂഡ് ഓയില്‍ റഷ്യന്‍ ഇനത്തേക്കാള്‍ വളരെ ചെലവേറിയതല്ല. റഷ്യന്‍ ക്രൂഡ് ഓയിലും ഓപ്പണ്‍ മാര്‍ക്കറ്റിലെ ക്രോഡ് ഓയിലും തമ്മില്‍ ബാരല്‍ ഒന്നിന് 2 ഡോളര്‍ മാത്രമാണ് വ്യത്യാസം. ഇന്ത്യയുടെ 4.2 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ രണ്ട് ഡോളര്‍ വ്യത്യാസം താങ്ങാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല.  കയറ്റുമതി നഷ്ടമാകുന്നതിന്റെ ചെലവ് കൂടുതലായിരിക്കും, എന്നാലും ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒന്നല്ല ഇത്.

താരിഫുകളുടെ കാര്യത്തില്‍ ട്രംപിന്റെ രീതി കണക്കിലെടുക്കുമ്പോള്‍, ട്രൂത്ത് സോഷ്യലിലെ ഏറ്റവും പുതിയ ഭീഷണിക്ക് നേരിട്ടുള്ള പ്രതികരണമായി ഘടനാപരമായ വമ്പന്‍ മാറ്റങ്ങള്‍ വരുത്തുന്നത് മൂല്യവത്താണോ എന്ന് മോഡി ചോദിക്കേണ്ടതുണ്ട്. ട്രംപ് നാളെ മാറ്റി പറഞ്ഞേക്കാം. യുഎസില്‍ കുറിപ്പടി ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ജനറിക് മരുന്നുകളുടെ കയറ്റുമതി ഉള്‍പ്പെടെ ഏറ്റവും പുതിയ ഉത്തരവ് പാലിച്ചാലും ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തില്ലെന്ന് യാതൊരു ഉറപ്പുമില്ല.
ചൈന റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിനെതിരെ ഒന്നും ചെയ്യാതിരിക്കുന്ന ട്രംപ് അതേ കാരണത്താല്‍ ഇന്ത്യയെ ശിക്ഷിക്കുന്നതിലെ ഇരട്ടത്താപ്പ് ചര്‍ച്ചയായിട്ടുണ്ട്. ഇതിന്റെ പേരില്‍ യുഎസുമായി ഇന്ത്യ അകലുന്നത് ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട ക്വാഡ് പോലുള്ള രാജ്യാന്തര സഖ്യത്തിന് തിരിച്ചടിയാകും.
ഇന്തോപസഫിക് മേഖലയില്‍ ചൈനയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ജനാധിപത്യ രാജ്യങ്ങളുടെ (ഓസ്‌ട്രേലിയയും ജപ്പാനും ഉള്‍പ്പെടെ) ഒരു കൂട്ടമാണ് ക്വാഡ്. 
ഏഴ് വര്‍ഷമായി മരവിപ്പിലായിരുന്ന ബന്ധങ്ങള്‍ക്ക് ശേഷം ആദ്യമായി ചൈന സന്ദര്‍ശിക്കാന്‍  മോഡി ഒരുങ്ങുകയാണ്. നികുതി പ്രഭുവായ ട്രംപിനെതിരായ ഒരു പ്രതിരോധമായി ചൈന-ഇന്ത്യ ബന്ധം താല്‍ക്കാലികമായെങ്കിലും അനിവാര്യമായിരിക്കുകയാണ്

 'ഈ വര്‍ഷം അവസാനം' റഷ്യന്‍ പ്രസിഡന്റ് പുടിനും ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെള്ളിയാഴ്ച മോഡി ട്വീറ്റ് ചെയ്തു.

തങ്ങള്‍ക്കെതിരായ ട്രംപിന്റെ ഉപരോധങ്ങളെ വെല്ലുവിളിയോടെയാണ് ചൈന നേരിട്ടത്. അത് അതിശയകരമല്ല. കാരണം അവര്‍ എല്ലാ അര്‍ത്ഥത്തിലും യുഎസിന്റെ തുറന്ന എതിരാളിയാണ്. യുഎസിന്റെ ആഗോള നേതൃപദവി എടുത്തുകളയാനും അവിടെ തങ്ങളെ പ്രതിഷ്ഠിക്കാനുമാണ് ചൈന ശ്രമിക്കുന്നത്.