നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് 13000 പേര്‍: ഇതില്‍ 540 ഇന്ത്യക്കാര്‍ ഒളിവില്‍

നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് 13000 പേര്‍: ഇതില്‍ 540 ഇന്ത്യക്കാര്‍ ഒളിവില്‍


കാഠ്മണ്ഡു: നേപാപളില്‍ ജെന്‍ സി പ്രക്ഷോഭം രൂക്ഷമായപ്പോള്‍ കലാപത്തിന്റെ മറവില്‍ ജയിലുകളില്‍ നിന്ന് ചാടിയത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13,000 അധികം തടവുകാര്‍. ഇതില്‍ 540 ഇന്ത്യക്കാര്‍ ഇപ്പോഴും ഒളിവിലാണെന്ന് ജയില്‍ മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 9ന് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ രണ്ടാം ദിവസമാണ് ജയിലുകള്‍ ഭേദിച്ച് ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെട്ടത്.
കലാപത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 തടവുകാര്‍ കൊല്ലപ്പെട്ടു. 7,735 പേരെ തിരികെ ജയിലിലെത്തിക്കാനോ സ്വയം കീഴടങ്ങാനോ കഴിഞ്ഞു. 5,000ല്‍ അധികം നേപ്പാളി പൗരന്മാരും 540 ഇന്ത്യക്കാരും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 108 പേരും നിലവില്‍ ഒളിവിലാണ്.

രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒളിവിലുള്ളവര്‍ തിരികെ ജയിലില്‍ ഹാജരാകണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മടങ്ങിയെത്തുന്നവരുടെ നിയമനടപടികള്‍ ഒഴിവാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ സംഭവങ്ങള്‍ നേപ്പാളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവരില്‍ പലരും അപകടകാരികളായ കുറ്റവാളികളാണെന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കലാപ സമയത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പലരെയും സേന പിടികൂടിയിരുന്നു. രേഖകളില്ലാതെ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച 60 പേരെ സശസ്ത്ര സീമാ ബല്‍ (എസ്എസ്ബി) സൈനികരാണ് പിടികൂടിയത്. ഇതില്‍ മിക്കവരും തടവുകാരായിരുന്നു. 60,000 ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ സുരക്ഷയ്ക്കുണ്ട്. ജയില്‍ ചാട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു ബംഗ്ലാദേശി പൗരനെ എസ്എസ്ബി പിടികൂടിയിരുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് കുറ്റത്തിന് ഈ വ്യക്തി നേപ്പാളില്‍ അഞ്ച് വര്‍ഷം തടവിലായിരുന്നു. നിലവില്‍ രാജ്യത്ത് സ്ഥിതിഗതികള്‍ ശാന്തമാണ്. ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഭരണം നടക്കുന്നത്.