സൻആ: യമൻ തലസ്ഥാനമായ സൻആയിലും വടക്കൻ അൽജാവ്ഫ് ഗവർണറേറ്റിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസക്ക് പുറത്തേക്ക് ഇസ്രായേൽ സൈനിക നീക്കം വ്യാപിപ്പിച്ചതിനെത്തുടർന്ന് പ്രാദേശിക സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണങ്ങൾ. സെപ്തംബർ ഒമ്പതിന് ഖത്തറിൽ ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യമനിലെ ആക്രമണം.
ഹൂതികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി ആക്രമണങ്ങൾ സ്ഥിരീകരിച്ചു. 'നമ്മുടെ രാജ്യത്തിനെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലി വിമാനങ്ങളെ നമ്മുടെ വ്യോമ പ്രതിരോധം നിലവിൽ തടയുന്നുണ്ട്' എന്ന് അദ്ദേഹം കുറിച്ചു. തുടർന്നുള്ള ഒരു പോസ്റ്റിൽ, രാജ്യത്തിനെതിരായ സയണിസ്റ്റ് ആക്രമണത്തെ നേരിടുന്നതിനിടയിൽ വ്യോമ പ്രതിരോധത്തിന് നിരവധി ഉപരിതലവ്യോമ മിസൈലുകൾ വിക്ഷേപിക്കാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ ഭൂരിഭാഗവും പരാജയപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.
യമനിലെ സൻആയിലും അൽ ജാഫിലും ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഹൂതികൾ ഉപയോഗിക്കുന്ന സൈനിക ക്യാമ്പുകൾ, ഹൂതി സൈനിക നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ധന സംഭരണ കേന്ദ്രം, ഹൂതി പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയാണ് ഐ.ഡി.എഫിന്റെ ലക്ഷ്യങ്ങൾ.
ഹൂതികൾ ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകളും മറ്റും വിക്ഷേപിച്ച് നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയായിട്ടാണ് നിലവിലെ ആക്രമണങ്ങളെന്നാണ് ഐ.ഡി.എഫിന്റെ വാദം. കഴിഞ്ഞ മാസങ്ങളിൽ ഇസ്രായേൽ യെമനിൽ ആവർത്തിച്ച് ബോംബാക്രമണം നടത്തിയിട്ടുണ്ട്. ആഗസ്റ്റിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി ഉൾപ്പെടെ നിരവധി ഉന്നത യെമൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷ സേനയിലെ (ലെഖ്‌വിയ) അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഹമാസിന്റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടെയാണ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളെ ലക്ഷ്യംവെച്ച് ആക്രമണമുണ്ടായത്.
യെമനിലെ ഇസ്രായേൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു
