ധാക്ക: രണ്ട് ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനയായി പാകിസ്ഥാനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ബംഗ്ലാദേശിലെ ഇറക്കുമതിക്കാരെ സര്‍ക്കാര്‍ 'നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഞ്ച് പതിറ്റാണ്ടിനുശേഷം രണ്ടാമത്തെ ചരക്ക് കപ്പലായ 'എംവി യുവാന്‍ സിയാങ് ഫാ ഷാന്‍' ഞായറാഴ്ച ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തെത്തി. സോഡ ആഷ്, ഡോളോമൈറ്റ്, മാര്‍ബിള്‍ ബ്ലോക്കുകള്‍ തുടങ്ങിയ അവശ്യ വ്യാവസായിക വസ്തുക്കളുടെ 811 കണ്ടെയ്‌നറുകളും വസ്ത്ര അസംസ്‌കൃത വസ്തുക്കള്‍, പഞ്ചസാര, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങളും കപ്പലില്‍ ഉണ്ടായിരുന്നതായി ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ചിറ്റഗോംഗ് വിമാനത്താവളത്തില്‍ ഡോക്ക് ചെയ്യുന്ന രണ്ടാമത്തെ ചരക്ക് കപ്പലാണിത്. നവംബറിലാണ് ആദ്യ കയറ്റുമതി ഇവിടെ എത്തിയത്. കറാച്ചിയില്‍ നിന്ന് നേരിട്ട് വന്ന ആദ്യത്തെ ചരക്ക് കപ്പലാണിതെന്ന് ചിറ്റഗോംഗ് പോര്‍ട്ട് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കപ്പലില്‍ പ്രധാനമായും ടെക്‌സ്‌റ്റൈല്‍, സെറാമിക് വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാര്‍ നേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് ഈജിപ്തിലെ കെയ്‌റോയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വ്യാപാരം, വാണിജ്യം, കായിക, സാംസ്‌കാരിക പ്രതിനിധികളുടെ കൈമാറ്റം എന്നിവയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും സമ്മതിച്ചതായി യൂനുസിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ചിറ്റഗോംഗ്, മോംഗ്ല തുറമുഖങ്ങളിലേക്ക് ഇന്ത്യക്ക് പ്രവേശനമുള്ള ഇന്ത്യ-ബംഗ്ലാദേശ് ഷിപ്പിംഗ് ഉടമ്പടി പുന:പരിശോധിക്കണമെന്ന് ബംഗ്ലാദേശിന്റെ ഷിപ്പിംഗ് മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ആദ്യം യൂനുസ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ചുമതല ഏറ്റെടുത്തതുമുതല്‍, ഇസ്ലാമാബാദുമായുള്ള ധാക്കയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയങ്ങള്‍ അടിസ്ഥാനപരമായി ഇന്ത്യ അനുകൂലവും പാകിസ്ഥാന്‍ വിരുദ്ധവുമായിരുന്നു.
ബംഗ്ലാദേശില്‍ ഭരണമാറ്റത്തോടെ ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം ഇടിഞ്ഞു. ഓഗസ്റ്റ് മുതല്‍ വ്യാപാരം ഗണ്യമായി കുറഞ്ഞുവെന്ന് ബംഗ്ലാദേശ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്ബിസിസിഐ) അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് ഹഫീസുര്‍ റഹ്മാന്‍ പറഞ്ഞു. 'സര്‍ക്കാര്‍ മാറിയതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഇടിവ് ഞങ്ങള്‍ നിരീക്ഷിച്ചു. എന്നാല്‍ ഇത് ശാശ്വതമായിരിക്കില്ലെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
പാകിസ്ഥാനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറക്കുമതിക്കാരെ നിര്‍ബന്ധിച്ച് ബംഗ്ലാദേശ്