ഇസ്‌ലാമാബാദ്: ട്രെയിൻ തട്ടിയെടുത്ത് നിരവധി പേരെ വധിച്ചതിന് പിന്നാലെ പാക് സൈനികവ്യൂഹത്തെ ആക്രമിച്ച് കൂട്ടക്കൊല നടത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ). 90 സൈനികരെ വധിച്ചെന്നാണ് ബി.എൽ.എ അവകാശപ്പെടുന്നത്. ക്വറ്റയിൽനിന്ന് തഫ്താനിലേക്ക് പോകുകയായിരുന്നു പാക് സൈനികവ്യൂഹത്തിനുനേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ ബി.എൽ.എ, ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
എന്നാൽ, 90 സൈനികരെ വധിച്ചെന്ന അവകാശവാദം പാക് സൈന്യം നിഷേധിച്ചു. മൂന്ന് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ഏറ്റുമുട്ടലിൽ എട്ടു തീവ്രവാദികളെ വധിച്ചെന്നും സൈന്യം പറയുന്നു. ഏഴ് സൈനികർ കൊല്ലപ്പെട്ടെന്നും 21 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
ഏഴ് ബസുകളും മറ്റു രണ്ട് വാഹനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെ ബി.എൽ.എയുടെ മജീദ് ബ്രിഗേഡാണ് ആക്രമിച്ചത്. പരിക്കേറ്റവരെ കൊണ്ടുവരാൻ ഹെലികോ്ര്രപറുകൾ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശം ഡ്രോണുകൾ നിരീക്ഷിക്കുന്നുണ്ടെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി നിരവധി പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്‌സ്പ്രസാണ് ബി.എൽ.എ കഴിഞ്ഞ ദിവസം തട്ടിയെടുത്തിരുന്നത്. ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. ബന്ദികളാക്കിയ 214 സൈനികരെ കൊലപ്പെടുത്തിയെന്നാണ് ബി.എൽ.എ അവകാശപ്പെട്ടിരുന്നത്.
പാക്കിസ്താൻ സേനയിലെ 90 പേരെ വധിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി; നിഷേധിച്ച് സൈന്യം
