ടെഹ്രാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നാഴികക്കല്ലായ വെടിനിർത്തൽ വീണ്ടും തകർച്ചയുടെ വക്കിലെത്തി. ടെഹ്രാനും ഇറാന്റെ തീരദേശ നഗരങ്ങളിലുമായി വ്യാഴാഴ്ച രാത്രിയിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ, അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇറാൻ തുറന്നടിച്ചു.
ടെഹ്രാന്റെ പടിഞ്ഞാറൻ മേഖലകളിൽ നിരവധി പൊട്ടിത്തെറികൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില ഭാഗങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയതായും വിവരമുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിനടുത്തുള്ള തീരപ്രദേശങ്ങളിലേക്കും ആക്രമണം വ്യാപിച്ചതായി ഇറാൻ ആരോപിച്ചു.
അമേരിക്ക സിവിലിയൻ മേഖലകളും എണ്ണക്കപ്പലുകളും ആക്രമിച്ചെന്നാണ് ടെഹ്രാന്റെ ആരോപണം. ബന്ദർ ഖമീർ, സിറിക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾക്കുനേരെയും ആക്രമണമുണ്ടായതായും അവർ അവകാശപ്പെട്ടു.
എന്നാൽ അമേരിക്ക ഈ ആരോപണങ്ങൾ നിഷേധിച്ചു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടി നടത്തിയതെന്നാണ് യു.എസ്. സെൻട്രൽ കമാൻഡിന്റെ വിശദീകരണം. ഇറാന്റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നും അവർ അറിയിച്ചു.
സംഘർഷം രൂക്ഷമായിട്ടും വെടിനിർത്തൽ ഇപ്പോഴും പ്രാബല്യത്തിലാണെന്നാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം. എന്നാൽ തുടർച്ചയായ ആക്രമണങ്ങളും പരസ്പര ആരോപണങ്ങളും പശ്ചിമേഷ്യയിൽ വീണ്ടും വലിയ യുദ്ധഭീഷണി ഉയർത്തുകയാണ്.
ടെഹ്രാനിൽ വീണ്ടും സ്‌ഫോടനങ്ങൾ; വെടിനിർത്തൽ അമേരിക്ക ലംഘിച്ചെന്ന് ഇറാൻ
